
അമ്പലപ്പുഴ(ആലപ്പുഴ): വഴിസൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കുശേഷമാണ് വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താണ് കർഷകത്തൊഴിലാളിയായ വിജയകുമാർ താമസിക്കുന്നത്.
ഇവിടെ റോഡോ വഴിസൗകര്യമോ ഇല്ല. ഇതുമൂലം വളരെ വൈകിയാണ് റോഡിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഏതാനും മാസംമുൻപ് ഇദ്ദേഹത്തിന്റെ അയൽവാസിയും സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.അമ്മ: ശാന്ത. ഭാര്യ: സീമ. മക്കൾ: അനന്തു, അഞ്ജലി. സഞ്ചയനം ശനിയാഴ്ച 8.45-ന്.