ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, സ്വന്തം ചിലവിലാണ് ദുബായിൽ നിന്ന് വന്നത്’; പ്രതികരിച്ച് ആശ ശരത്


തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മന്ത്രിയുടെ വിവാദ പ്രസ്‌താവന ചർച്ചയാവുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് നടിയും നർത്തകിയുമായ ആശ ശരത്. താൻ കഴിഞ്ഞവർഷം കലോത്സവത്തിന് നൃത്തരൂപം ചിട്ടപ്പെടുത്താൻ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ആശ ശരത് വ്യക്തമാക്കി. വലിയ അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതെന്നും ആശ ശരത് പറഞ്ഞു.

മന്ത്രിയുടെ പ്രസ്‌താവനയിൽ വിവാദം പുകയുന്നതിനിടെയാണ് ആശ ശരത് പ്രതികരണവുമായി രംഗത്ത് വന്നത്. പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ദുബായിൽ നിന്നും സ്വന്തം ചിലവിലാണ് നാട്ടിലേക്ക് വന്നത്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് തന്നെ അഭിമാനകരവും സന്തോഷവുമുള്ള കാര്യമാണെന്നും ആശ ശരത് ചൂണ്ടിക്കാട്ടി. മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്‌ന വേദിയാണ് കലോത്സവം. പുതിയ തലമുറക്കൊപ്പം അത്തരമൊരു വേദി ലഭിക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഏറെ അഭിമാന ത്തോടെയും സന്തോഷത്തോടെയുമാണ് ക്ഷണം സ്വീകരിച്ചത്. പണം വാങ്ങേണ്ട എന്നത് സ്വയം എടുത്ത തീരുമാനമായിരുന്നു. ഒരു ഡിമാൻഡും ഇല്ലെന്ന് താൻ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്‌തതെന്ന് ആശ ശരത് പറഞ്ഞു.

പ്രതിഫലം വാങ്ങാണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്‌ചപ്പാടുകൾ ആണെന്നും നടി പ്രതികരിച്ചു. വിവാദത്തിൽ ഉൾപ്പെട്ട നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നു തനിക്ക് അറിയില്ല. പ്രതിഫലം വാങ്ങണോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഞാൻ വാങ്ങിയില്ല എന്നതുകൊണ്ട് മാത്രം മറ്റൊരാൾ വാങ്ങരുതെന്ന് പറയാനാകില്ല; ആശ ശരത് തന്റെ നിലപാട് വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ കലാരംഗത്ത് നിന്ന് കൂടുതൽ പേർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കേവലം 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതലാണെന്നായിരുന്നു നർത്തകൻ ആർഎൽവി രാമകൃഷ്‌ണൻ വിവാദത്തോട് പ്രതികരിച്ചത്. എങ്കിലും കലോത്സവത്തിന് സാധാരണ രീതിയിൽ ചെലവാകുന്ന തുകയും അവതരണ​ഗാനത്തിന് വേണ്ടി ചിട്ടപ്പെടുത്തുന്ന നൃത്തത്തിനുള്ള ചിലവും വ്യത്യാസമുള്ളതാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിൽ വ്യത്യസ്‌തമായ നിലപാടുമായി വന്നവരിൽ രചന നാരായൺകുട്ടിയുമായിരുന്നു. പ്രഫഷണൽ ആയിട്ടാണ് അവരെ വിളിച്ചതെങ്കിൽ അവർ ആവശ്യപ്പെട്ട പണം നൽകേണ്ടതാണെന്ന് രചന അഭിപ്രായപ്പെട്ടു. അവർക്ക് കഴിവുള്ളത് കൊണ്ടല്ലേ അവരെ തന്നെ വിളിച്ചതെന്നും പറ്റില്ലെങ്കിൽ മറ്റൊരാളെ സമീപിക്കണമെന്നും രചന ആവശ്യപ്പെട്ടു.

അതേസമയം, വിഷയം വലിയ ചർച്ചയാവുന്നതിനിടെ പ്രസ്‌താവന പിൻവലിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ അനാവശ്യ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് മന്ത്രി പറയുന്നത്. കുട്ടികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലോത്സവത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലുള്ള വിവാദങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണർ

Read Next

സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് താൽക്കാലിക ജയിൽ മോചനം അനുവദിച്ച് ഇറാൻ ഭരണകൂടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »