ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പഞ്ചാബിൽവെച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. വ്യവസായ നഗരമായ മാണ്ഡി ഗോബിന്ദ്ഗഡിന് സമീപം അമലോഹിൽനിന്നും ആരംഭിച്ച ലുധിയാനയിലൂടെ ജലന്തർ വരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം മുനീർ യാത്രയിൽ പങ്കെടുത്തത്.

2022 സെപ്റ്റംബർ 7 നു കന്യാകുമാരിയിൽ നിന്നും യാത്ര ആരംഭിച്ച സമയത്തും മുനീർ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാ ടാൻ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചതുപോലെ ഭരണകൂട സ്വേഛാധിപത്യത്തിനെ തിരെ ഒന്നിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി നടത്തുന്നതെന്ന് മുനീർ പറഞ്ഞു. 3000 കിലോമീറ്ററിലേറെ പിന്നിട്ടാണ് യാത്ര പഞ്ചാബിലെത്തിയത്.
സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ഭരണ പരിഷ്‌കാരങ്ങളെ ക്കുറിച്ചും അവ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞതായി മുനീർ പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുത്തതനിനു ശേഷമാണ് പഞ്ചാബിൽ മുനീർ യാത്രയിൽ അണിചേർന്നത്. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിലും യുവാക്കൾക്കിടയിലും വലിയ ആവേശമാണ് കാണാൻ കഴിഞ്ഞതെന്നും മുനീർ കൂട്ടിച്ചേർത്തു.