ഗുവാഹത്തി: പാരിസ് ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലെ കായിക പ്രേമികളിലേക്ക് എത്തിക്കാൻ സീനിയർ സ്‌പോർട്‌സ് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഗീതിക താലൂക്‌ദാര്‍. ലോക കായിക മാമാങ്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നേരിട്ടുള്ള അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മാധ്യമ പ്രവര്‍ത്തകയാണ് ഗീതിക. ഇത് രണ്ടാം തവണയാണ് ഗീതികയ്‌ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്.

അസം സ്വദേശിയായ ഗീതിക ഗുവാഹത്തി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഐഒസിയില്‍ നിന്നും ലഭിച്ച അംഗീകാരം കഠിനാധ്വാനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രോത്സാഹനമാണെന്ന് ഗീതിക അഭിപ്രായപ്പെട്ടു. ‘2024 ലെ പാരീസ് ഒളിമ്പിക്‌സ് ഗെയിംസ് കവർ ചെയ്യുന്നതിനായി ഐഒസിയിൽ നിന്ന് അംഗീകാരം ലഭിക്കുന്നത് ഒരു ബഹുമതിയും പദവിയുമാണ്. എനിക്ക് പ്രത്യേക പദവി നൽകിയതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാൻ നന്ദി പറയുന്നു’- ഗീതിക പറഞ്ഞു.
ദക്ഷിണ കൊറിയയിലെ സിയോൾ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്‌പോർട്‌സ് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് ഗീതിക. നേരത്തെ, 2021ല്‍ ജപ്പാനില്‍ നടന്ന ടോക്കിയോ ഒളിമ്പിക്‌സ് 2020 റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഗീതികയ്‌ക്ക് അവസരം ലഭിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അന്ന് വിവിധ മാധ്യമങ്ങള്‍ ജപ്പാനിലേക്ക് പോകാൻ വിസമ്മതിച്ച സാഹചര്യത്തിലും അവിടെ നേരിട്ടുപോയി മത്സരങ്ങളുടെ ആവേശം ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗീതികയ്‌ക്ക് സാധിച്ചു.
ഫിഫ ലോകകപ്പ് 2018, ഐസിസി ഏകദിന ലോകകപ്പ് 2019, ഐപിഎല്‍, കോമണ്‍ വെല്‍ത്ത് ഗെയിംസ്, സൗത്ത് ഏഷ്യൻ ഗെയിംസ് തുടങ്ങിയ വിവിധ ടൂര്‍ണമെന്‍റുകളും ഗീതികയുടെ കാമറ കണ്ണുകളില്‍ പതിഞ്ഞതാണ്. 19 വര്‍ഷത്തെ കരിയറില്‍ ഇന്ത്യയിലെയും വിദേശത്തേയും നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കായി ഗീതിക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് ഉള്‍പ്പടെയുള്ള മൾട്ടി സ്‌പോർട്‌സ് ഇവന്‍റ് കവര്‍ ചെയ്യാനായി ജൂലൈ 23നാണ് ഗീതിക പാരിസിലേക്ക് പറക്കുക.