ഓം ബിര്‍ല സഭാനാഥന്‍; സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു


ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെ ടുത്തു. ശബ്ദവോട്ടോടെയാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോക്‌സഭ സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് 61 കാരനായ ബിര്‍ല ലോക്‌സഭയിലെത്തിയത്. മൂന്നാം തവണയാണ് എംപിയാകുന്നത്.

പ്രോട്ടം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബിന്റെ അധ്യക്ഷതയിലാണ് സ്പീക്കര്‍ തെര ഞ്ഞെടുപ്പ് നടന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമേയം അവതരിപ്പിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും കേന്ദ്രമന്ത്രി ലലന്‍ സിങും മോദിയുടെ പ്രമേയത്തെ പിന്താങ്ങി. ഓം ബിര്‍ലയ്ക്കായി എന്‍ഡിഎയിലെ വിവിധ കക്ഷിനേതാക്കള്‍ ഉള്‍പ്പെടെ 13 പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

അരവിന്ദ് സാവന്ത് കൊടിക്കുന്നില്‍ സുരേഷിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ പിന്താങ്ങി. അനന്ത് പഗോഡിയ കൊടിക്കു ന്നിലിന്റെ പേര് നിര്‍ദേശിച്ചു, താരിഖ് അന്‍വര്‍ പിന്താങ്ങി. സുപ്രിയ സുലെയും കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിച്ചു. കനിമൊഴി ഈ നിര്‍ദേശത്തെ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് ശബ്ദ വോട്ടോടെ സ്പീക്കറെ തെരഞ്ഞെടുത്തതായി പ്രോട്ടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് അറിയിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.

തുടര്‍ന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചു. പ്രോട്ടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് പുതിയ സ്പീക്കര്‍ക്ക് ചുമതല കൈമാറി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. രണ്ടാം തവണയും തെര ഞ്ഞെടുക്കപ്പെട്ടത് വലിയ അവസരം. ഓം ബിര്‍ല ചരിത്രം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നത് ജനാധിപത്യപരമല്ലെന്ന് ഓര്‍ക്കണമെന്ന് രാഹുല്‍ഗാന്ധി അനുമോദന പ്രസംഗത്തില്‍ സ്പീക്കറെ ഓര്‍മ്മിപ്പിച്ചു.


Read Previous

മാറിയ ചെറുകഥാ സങ്കല്പത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചില്ലയുടെ കഥാകേളി വായന

Read Next

പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ല: ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular