മസ്കത്ത്: സൗദിയിലെ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് റിയാദ് 2023’ൽ പങ്കാളികളായി ഒമാനും. ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് ഒമാനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്കുള്ള ദേശീയ പരിപാടിക്ക് ‘ലീപ് റിയാദ് 2023’ ശക്തി പകരുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലി പറഞ്ഞു.

സാങ്കേതിക നിക്ഷേപങ്ങൾ ഒമാനിലേക്ക് ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒമാനിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കുള്ള റോഡ്മാപ്പാകും ഈ പരിപാടിയെന്ന് അൽ മവാലി ചൂണ്ടിക്കാട്ടി. ‘ലീപ് റിയാദ് 2023’ലെ പങ്കാളിത്തത്തിലൂടെ കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രാദേശിക കമ്പനികളെ വിപണനം ചെയ്യാനും ഒമാൻ ആഗ്രഹിയ്ക്കുന്നു.