ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള സന്ദർശകർക്ക് ഒമാനിൽ വാഹനമോടിക്കാം; ഇളവുകളുമായി അധികൃതർ


മസ്‌ക്കറ്റ്: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ് ലൈസന്‍സുമായി ഇനി ഒമാനില്‍ വാഹനം ഓടിക്കാനാവും. എന്നാല്‍ ഏതാനും നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ അനുമതി.

റോയല്‍ ഒമാന്‍ പോലീസിന്റെ പുതിയ തീരുമാനം അനുസരിച്ച് വിദേശ സന്ദര്‍ശകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഒമാനില്‍ മൂന്ന് മാസം വരെ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാവും. ഇവര്‍ ടൂറിസ്റ്റ് വിസയിലോ ട്രാന്‍സിറ്റ് വിസയിലോ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. മറ്റ് വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ടൂറിസ്റ്റ്, ട്രാന്‍സിറ്റ് വിസകളില്‍ ഒമാനിലേക്ക് പ്രവേശിക്കുന്ന തീയതി മുതലാണ് വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള മൂന്നു മാസത്തെ കാലാവധി ആരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. സാധുവായ ടൂറിസ്റ്റ് വിസ കൈവശമുണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.

ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പോലുള്ള അംഗീകൃത ഓര്‍ഗനൈസേഷനുകള്‍ നല്‍കുന്ന അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുകളും ഇതേ കാലയളവിലേക്ക് സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. അഥവാ രാജ്യത്തെത്തിയതു മുതല്‍ മൂന്നു മാസം പൂര്‍ത്തിയാവുന്നതു വരെ ഇതുപയോഗിച്ച് വാഹനം ഓടിക്കാം. ഈ പ്രത്യേകാവകാശം ഹ്രസ്വകാല സന്ദര്‍ശകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും ഓമാന്‍ പോലിസ് അറിയിച്ചു. ഒമാനില്‍ സ്ഥിരമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെ ലൈസന്‍സ് ഉപയോഗിച്ച് ഒമാനില്‍ വാഹനം ഓടിക്കാനാവില്ല. അവര്‍ നിര്‍ബന്ധമായും ഒമാനി ഡ്രൈവിങ് ലൈസന്‍സ് നേടിയിരിക്കണം.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വിദേശ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍, പ്രാദേശിക നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഒമാന്‍ സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 


Read Previous

50 വർഷത്തെ അസദ് കുടുംബത്തിന്റെ രാജവാഴ്ച; ഇനി ഞങ്ങൾ സ്വതന്ത്രർ’; അസദിൻ്റെ പതനം ആഘോഷമാക്കി സിറിയൻ പ്രവാസികൾ; “13 വർഷത്തെ പലായനത്തിന് ശേഷം, എനിക്ക് വീണ്ടും എന്റെ രാജ്യവും എന്റെ ഭൂമിയും സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, 32കാരനായ മുഹമ്മദ്

Read Next

സംഭൽ ഇരകളുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും; കൂടിക്കാഴ്ച ദില്ലിയിൽ വെച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »