മസ്‌കറ്റ്: പൗരത്വ നിയമത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് ഒമാൻ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ്, വിദേശ പൗരന്മാർക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസി ക്കുന്നവരായിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്. ഒരു വർഷത്തിൽ 90 ദിവസത്തിൽ കുറഞ്ഞ കാലം രാജ്യത്തിന് പുറത്താണെങ്കിൽ അത് പൗരത്വത്തിനുള്ള യോഗ്യതയ്ക്ക് തടസ്സമാകില്ല.

ഇതിനു പുറമെ, അറബി ഭാഷയിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അനിവാര്യമാണ്. പൗരത്വം നേടുന്നതിന് അപേക്ഷകർക്ക് സാമ്പത്തിക ശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. വ്യവസ്ഥയിൽ പറയുന്ന രീതിയിൽ പകർച്ച വ്യാധി കൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാൻ പാടില്ല.
നിലവിലുള്ള മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി രേഖാമൂലം എഴുതി നൽ കണം. അതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത പൗരത്വം ഇല്ലെന്നും എഴുതിനൽ കണം. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാൻ പാടി ല്ലെന്നതാണ് മറ്റൊരു നിബന്ധന. പ്രവാസിക്ക് പൗരത്വം ലഭിക്കുന്നതോടെ ഒമാനിൽ ജനിച്ച വിദേശിയുടെ മക്കൾക്കും അതേപോലെ ഇദ്ദേഹത്തോടൊപ്പം ഒമാനിൽ സ്ഥിരതാമസമാക്കിയ മക്കൾക്കും പൗരത്വം ലഭിക്കും.
അതേസമയം, പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർ പ്പിച്ചതായി കണ്ടെത്തിയാൽ കഠിന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. കുറ്റവാളികൾക്ക് മൂന്ന് വർഷം വരെ തടവും 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രകാരം, ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകളുടെ മേൽനോട്ടം വഹിക്കുക. വിശദീകരണം നൽകാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇനി കോടതി വിധികൾക്ക് വിധേയമാകി ല്ലെന്നും നിയമഭേദഗതിയിൽ വ്യക്തമാക്കി.
ഒരു ഒമാനി സ്ത്രീയെ വിവാഹം കഴിക്കുന്ന വിദേശി 10 വർഷമായി തുടർച്ചയായി രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ പൗരത്വം ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഒമാനി ഭാര്യയിൽ ഒരു കുഞ്ഞ് പിറക്കണമെന്നതാണ് മറ്റൊരു നിബന്ധന. അറബി ഭാഷാ പ്രാവീണ്യം, സാമ്പത്തിക ശേഷി, ആരോഗ്യസുരക്ഷ, സൽസ്വഭാവം തുടങ്ങിയവയും ഉണ്ടായിരിക്കണം. ഒമാനി സ്ത്രീയ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന ഒരു വിദേശി അഞ്ച് വർഷത്തിനുള്ളിൽ വിവാഹം വിവാഹമോചനം ചെയ്യുകയോ ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്താൽ പൗരത്വം നഷ്ടമാവും. എന്നാൽ പിതാവിന്റെ ദേശീയത നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കില്ലെന്നും അവർ അവരുടെ ഒമാനി ദേശീയത നിലനിർത്തുമെന്നും നിയമം വ്യക്തമാക്കുന്നു.
അതുപോലെ, ഒരു ഒമാനി പുരുഷനെ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന ഒരു വിദേശ സ്ത്രീ വിവാഹമോചനം നേടുകയും പിന്നീട് ഒമാനി അല്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും ചെയ്താലും പൗരത്വം നഷ്ടപ്പെടും. രണ്ടാം വിവാഹ തീയതി മുതലാണ് പൗരത്വനഷ്ടം പ്രാബല്യത്തിൽ വരിക. നിയമത്തിലെ ആർട്ടിക്കിൾ 26 പ്രകാരം, സുൽത്താനെയോ സുൽത്താനേറ്റിനെയോ വാക്കാലോ പ്രവൃത്തികളിലൂ ടെയോ അപമാനിച്ചാൽ ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കപ്പെടാം. ഒമാന്റെ താൽപര്യങ്ങൾക്ക് ഹാനികരമായ പ്രത്യയശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലോ പാർട്ടികളിലോ പ്രവർത്തിക്കുന്നതും മറ്റൊരു കാരണമാണ്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വിദേശ സർക്കാരിനുവേണ്ടി ജോലി ചെയ്യുകയും ഔദ്യോഗിക അഭ്യർഥനകൾക്കു ശേഷവും രാജിവെക്കാൻ വിസമ്മതി ക്കുകയും ചെയ്യുന്ന ഒമാനി പൗരന്മാർക്ക് അവരുടെ പൗരത്വം നഷ്ടപ്പെട്ടേക്കാം. ഒമാനുമായി ശത്രുതാപരമായി ഇടപെടുന്ന രാജ്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്.
ആർട്ടിക്കിൾ 27 പ്രകാരം, രാജ്യസുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്ക പ്പെട്ടവരുടെയും, പൗരത്വം ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം കുറ്റകൃ ത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെയും പൗരത്വം റദ്ദാക്കപ്പെടാം. കൂടാതെ, സാധുവായ കാരണമില്ലാതെ തുടർച്ചയായി 24 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരുന്ന വ്യക്തികൾക്ക് അവരുടെ പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.