
കൊച്ചി: തിരുവോണ നാളില്‍ വാമന രൂപം പൂണ്ട പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ കേരള ത്തെ ‘ചവിട്ടിത്താഴ്ത്തി’ നെഞ്ചില്‍ പൂക്കളമിട്ടു. ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോട് 2-1 ന് തോറ്റത് മഞ്ഞപ്പടയ്ക്ക് ‘കണ്ണീരോണ’മായി മാറി.
നാടകീയമായി മാറിയ മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ പല തവണ നേരിയ ഏറ്റുമുട്ടലുകളുമുണ്ടായി.
ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ അവസാന പത്ത് മിനിറ്റിനി ടെയാണ് മൂന്നു ഗോളുകളും പിറന്നത്. പഞ്ചാബ് എഫ്‌സിക്കായി പകരക്കാരനായി ഇറങ്ങിയ ലൂക്ക മയ്‌സെന്‍ എണ്‍പത്താറാം മിനിറ്റില്‍ എടുത്ത പെനാല്‍റ്റി കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല കുലുക്കി.
തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് താരം ജീസസ് ഹിമെനെ തിരിച്ച ടിച്ചു. എന്നാല്‍ ആ ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. എക്‌സ്ട്രാ ടൈമില്‍ പഞ്ചാബിന്റെ ഫിലിപ് മിര്‍ലാക് രണ്ടാം ഗോളും നേടി.