തൃശൂർ: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാജന് പിന്തുണയുമായി തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. വിവാദം ബിരിയാണിച്ചെമ്പ് പോലെയാണെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറിനെ ജയരാജൻ കണ്ടതിനെക്കുറിച്ചും സുനിൽ കുമാർ പ്രതികരിച്ചു. എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്നയാളാണ് ഇ പി ജയരാജനെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും തങ്ങൾ സുഹൃത്തുക്ക ളാണെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ താൻ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ജയരാജൻ ഇന്നലെ പോളിംഗ് ബൂത്തിലെത്തിയപ്പോൾ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ആക്കുളത്തുള്ള തന്റെ മകന്റെ ഫ്ളാറ്റിൽ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. കൂടിക്കാഴ്ച വ്യക്തിപരമാണെന്നുമായിരുന്നു വാദം.എന്നാൽ ഈ തുറന്നുപറച്ചിലിലൂടെ ഇ പിയുടെ നോട്ടം ബി ജെ പിയിലേക്കാണെന്നും, ഗവർണർ, കേന്ദ്രമന്ത്രി പദവികളിലൊന്നാണ് ലക്ഷ്യമെന്നുമുള്ള ആരോപണത്തിന് ബലമേകി. സി പി എം- ബി ജെ പി ബന്ധമെന്ന യു ഡി എഫ് ആരോപണം ശക്തിപ്പെടുകയും ചെയ്തു. ഇത് പാർട്ടിക്കും എൽ ഡി എഫിനും അപ്രതീക്ഷിത പ്രഹരമായി.മുഖം രക്ഷിക്കാൻ ഇ പിക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.