പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ? ശരിയെങ്കിൽ അന്വേഷിക്കണമെന്ന് ഗവർണർ


ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേട് ആണ്. വിഷമം തോന്നുന്നു. സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ട്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 15 അംഗ പവര്‍ ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതിലാണ് ഗവർണറുടെ പ്രതികരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് നല്ലതാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ല. സിനിമ യിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന അറിയില്ല. ചിലർ പുരയ്ക്ക് തീ പിടിച്ചപ്പോൾ വാഴ വെട്ടാൻ നടക്കുകയാണ്. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പത്തനാപുരത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നല്‍കേണ്ട ശുപാര്‍ശയിൽ സാംസ്കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ആരും ഇത്തരം കാര്യങ്ങളില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്.

സീനിയറായ നടികള്‍ക്ക് കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അത് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

“എല്ലാ സംഘടനകളുമായും സംസാരിച്ചു. നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിന്‍റെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലേവ്. തുടർ നടപടി നിയമപരമായി പരിശോധിക്കും. പരാതി ഉണ്ടെങ്കിൽ കേസെടുക്കും. ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകും. നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് കടക്കും.” മന്ത്രി പറഞ്ഞു.

റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെയെന്നും സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക്

Read Next

ഭാര്യ യു.കെയില്‍ കുഴഞ്ഞു വീണ് മരിച്ചെന്ന വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടിലുള്ള ഭര്‍ത്താവ് ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »