ആന്‍റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാ ഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്‌എ. ഗ്രൂപ്പ് ഘട്ടത്തില്‍ കാണിച്ച പോരാട്ടവീര്യം സൂപ്പര്‍ എട്ടിലും ആവര്‍ത്തിച്ചെങ്കിലും ആന്‍റിഗ്വയില്‍ 18 റണ്‍സ് അകലെ യുഎസിന് ജയം നഷ്‌ടമാകുകയായിരുന്നു. 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

റണ്‍ചേസില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ സ്കോറിങ്ങില്‍ ഉണ്ടായ മെല്ലെപ്പോക്കാണ് മത്സരത്തില്‍ യുഎസിന് തിരിച്ചടിയായത്. മത്സരത്തില്‍ ആദ്യ അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 51-1 എന്ന നിലയിലായിരുന്നു യുഎസ്. എന്നാല്‍, പിന്നീട് 11.1 ഓവറില്‍ 76-5 എന്ന നിലയിലേക്ക് അവര്‍ വീഴുകയായിരുന്നു.
നിതീഷ് കുമാര്‍ (8), ആരോണ്‍ ജോണ്‍സ് (0), കോറി ആൻഡേഴ്‌സണ്‍ (12), ഷയൻ ജഹാംഗിര്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ആറാം വിക്കറ്റില്‍ ആന്‍ഡ്രിസ് ഗൗസി നൊപ്പം ഹര്‍മീത് സിങ് എത്തിയതോടെ യുഎസിന്‍റെ കളി മാറി. 91 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ യുഎസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഗൗസ് സിങ് ഹര്‍മീത് സഖ്യത്തിന്‍റെ ബാറ്റിങ്.
19-ാം ഓവര്‍ പന്തെറിയാനെത്തിയ കാഗിസോ റബാഡയായിരുന്നു മത്സരം പിന്നീട് ദക്ഷിണാഫ്രിക്കയുടെ വരുതിയിലാക്കിയത്. 22 പന്തില്‍ 38 റണ്‍സ് നേടിയ ഹര്‍മീതിനെ ഓവറിലെ ആദ്യ പന്തില്‍ റബാഡ മടക്കി. കൂടാതെ, രണ്ട് റണ്‍സ് മാത്രമായിരുന്നു റബാഡ ഈ ഓവറില്‍ വിട്ടുനല്‍കിയത്.
അവസാന ഓവറില്‍ ആൻറിച്ച് നോര്‍ക്യ 7 റണ്‍സ് മാത്രം വിട്ടുകൊടുത്തതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് 18 റണ്‍സിന്‍റെ ജയം സ്വന്തം. ഓപ്പണറായി ക്രീസിലെത്തിയ ആൻഡ്രിസ് ഗൗസ് 47 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം ഫോറും സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 194 റണ്‍സ് നേടിയത്. 40 പന്തില്‍ 74 റണ്‍സടിച്ച ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങിയതായിരുന്നു ഡി കോക്കിന്‍റെ ഇന്നിങ്‌സ്.
32 പന്തില്‍ 46 റണ്‍സ് നേടി നായകൻ എയ്‌ഡൻ മാര്‍ക്രം ഡി കോക്കിന് മികച്ച പിന്തുണ നല്‍കി. 22 പന്തില്‍ 36 റണ്‍സടിച്ച ഹെൻറിച്ച് ക്ലാസനും 16 പന്തില്‍ 20 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും പുറത്താകാതെ നിന്നു. റീസ ഹെൻഡ്രിക്സ് (11), ഡേവിഡ് മില്ലര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങള്‍.