ഒരു ഉംറ മതി… അവസരം എല്ലാവര്‍ക്കും വേണം; സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം.


റിയാദ്: വിശുദ്ധ റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടവര്‍ക്ക് നിരാശ. സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാകും. ഈ മാസം ഒരാള്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ മതി എന്നാണ് പുതിയ നിര്‍ദേശം. ലക്ഷക്കണക്കിന് ആളുകള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉംറ നിര്‍വഹിക്കുന്നത് മറ്റു വിശ്വാസികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നു എന്ന പരാതി പരിഹരിക്കാനാണിത്. സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റമദാനിലെ പുണ്യം പ്രതീക്ഷിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഉംറ യ്ക്കായി മക്കയില്‍ എത്തുകയാണ്. ജനബാഹുല്യം നിയന്ത്രിക്കാനാണ് പുതിയ തീരു മാനം മന്ത്രാലയം കൈകൊണ്ടത്. ഒരാളെ തുടര്‍ച്ചയായി ഉംറ ചെയ്യാന്‍ റമദാനില്‍ അനുവദിക്കില്ല. ഇതിന് വേണ്ടി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഉംറയ്ക്ക് വേണ്ടി അനുമതി ലഭിക്കാന്‍ നുസുക് അല്ലെങ്കില്‍ തവക്കല്‍ന ആപ്പ് ഉപയോഗിക്കാം. അനുവദിച്ചു തരുന്ന തിയ്യതിയിലും സമയത്തും തന്നെ ഉംറ നിര്‍വഹിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ലഭ്യമായ സമയം മാറ്റണമെങ്കില്‍ അവര്‍ക്ക് ലഭിച്ച അനുമതി റദ്ദ് ചെയ്യുകയും പുതിയ അപേക്ഷ സമര്‍പ്പിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു. റദ്ദാക്കിയില്ലെങ്കില്‍ ഉംറ നിര്‍വഹിച്ചതായി കണക്കാക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു അവസരം കിട്ടിയെന്നും വരില്ല.

ഉംറ നിര്‍വഹിക്കുന്നതിനുള്ള എല്ലാ നിയന്ത്രണവും അടുത്തിടെയാണ് സൗദി അറേബ്യ എടുത്തു മാറ്റിയത്. എത്ര ഉംറ വേണമെങ്കിലും നിര്‍വഹിക്കാമെന്നും അറിയിച്ചിരുന്നു. ഇതു പ്രകാരം ലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലേക്ക് എത്തിയിട്ടുള്ളത്. പലരും വിമാന ടിക്കറ്റെടുത്ത് യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. റമദാനിലെ അവസാന ദിനരാത്രങ്ങളില്‍ കൂടുതല്‍ വിശ്വാസികളെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ കാര്യങ്ങള്‍ കൈവിടുമെന്ന് അധികൃതര്‍ക്ക് ആശങ്കയുള്ള സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.

വിസിറ്റ്, ടൂറിസ്റ്റ്, വര്‍ക്ക് തുടങ്ങി ഏത് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ തടസമുണ്ടാകില്ലെന്ന് സൗദി അറിയിച്ചിരുന്നു. കൊവിഡ് വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തു മാറ്റിയാണ് എത്ര ഉംറയും നിര്‍വഹിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ റമദാനില്‍ പുതിയ നിയന്ത്രണം വരുത്തിയിരിക്കുകയാണ്. ഉംറയ്ക്ക് വേണ്ടി സൗദിയിലെക്ക് പോയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.


Read Previous

മലയാളത്തിന്റെ സൗകുമാര്യം, സുകുമാരിയുടെ ഓർമ്മകൾക്ക് പത്ത് വയസ്

Read Next

ജിമ്മി പോള്‍സണും കുടുംബത്തിനും യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »