എന്റെ കാലത്ത് നേട്ടങ്ങള്‍ മാത്രം; സിപിഎമ്മിനെതിരെ പടക്കുതിരയായി ഞാന്‍ ഉണ്ടാകും’; വിടവാങ്ങല്‍ പ്രസംഗത്തില്‍ സുധാകരന്‍, കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം


തിരുവന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാ ശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴി യുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികള്‍ക്ക് അതിനു കഴിയണം. സിപിഎമ്മിനെതിരെ പടക്കുതിരയായി താന്‍ മുന്നിലുണ്ടാകും. നേതൃത്വത്തിന്റെ യും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന് നന്ദിയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

‘ഞാന്‍ അധ്യക്ഷനായ കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചു. നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കി ജനങ്ങളുടെ മുമ്പില്‍ കൈകൂപ്പി വോട്ടുവാങ്ങി. അതിനൊപ്പം നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ വലിയ നേട്ടമാണ്. ചേലക്കരയിലെ സിപിഎം കോട്ടയിലെ ഭൂരിപക്ഷം കുറയ്ക്കാനും നമുക്ക് സാധിച്ചു. എന്റെ നേതൃ കാലത്ത് പാര്‍ട്ടി മുന്നോട്ടേ പോയിട്ടുള്ളൂ. നേട്ടം മാത്രമാണ് ഉണ്ടാക്കിയത്. കോട്ടം ഒട്ടുമുണ്ടായിരുന്നില്ല. അത് വെട്ടിത്തുറന്നു പറയാനുള്ള നട്ടെല്ല് എനിക്കുണ്ട്. അത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. യാഥാര്‍ഥ്യബോധം കൊണ്ടാണ്’- സുധാകരന്‍ പറഞ്ഞു.

പാര്‍ലമെന്റിലെ ഉജ്ജ്വല വിജയം കൂട്ടായ നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 18 സീറ്റുകള്‍ നേടി എന്നതിലപ്പുറം ഒരു മുന്നണി ചരിത്രത്തിലാദ്യമായാണ് 20 ലക്ഷം വോട്ടുകള്‍ നേടിയത്. അത് നമ്മുടെ കാലഘട്ടത്തിലാണ്. അതില്‍ നിങ്ങള്‍ക്കും എനിക്കും അഭിമാനിക്കാന്‍ അവകാശമുണ്ട്. ആ അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അടിത്തറ ശക്തമാക്കാന്‍ സാധിച്ചു. ക്യാംപസുകളില്‍ കെഎസ് യുവിന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി എന്നത് എന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 40,000 സിയുസികള്‍ രൂപീകരിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല, അത് ഞാന്‍ എന്റെ പിന്‍ഗാമി സണ്ണി ജോസഫിനെ ഏല്‍പ്പിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടു പ്പിനെ നേരിടാനുള്ള കര്‍മപദ്ധതിയുമായാണ് നാം മുന്നോട്ടുപോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാ ഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Read Previous

ചതിയന്‍, ദേശദ്രോഹി’; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം; എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തു

Read Next

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »