സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റിയത് ഒരു സ്‌ത്രീയെ മാത്രം; ഗ്രീഷ്‌മയെ തൂക്കിലേറ്റിയാൽ അത് ചരിത്രമാകും


ന്യൂഡല്‍ഹി: 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ 175 ഓളം പേരെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്‌ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവൺമെന്‍റ് സ്ഥിതിവിവരക്കണ ക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ തെറ്റാണെന്നും ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കിയവരുടെ യഥാർഥ എണ്ണം ആയിരക്കണക്കിന് വരാമെന്നും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്.

1947 മുതൽ ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയരായ ആളുകളുടെ പട്ടിക 2015ല്‍ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം 752 പേരെങ്കിലും വധശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണക്കുകള്‍. വധശിക്ഷകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ സംസ്ഥാനത്തിനകത്തും ഓരോ ജയിൽ വകുപ്പുകളിൽ ലഭ്യമാണെങ്കിലും, അത്തരം വിവരങ്ങൾ പങ്കിടാൻ സർക്കാർ വിമുഖത കാണിക്കുന്നു.

1947 സെപ്റ്റംബർ 9-ന് ജബൽപൂർ സെൻട്രൽ ജയിലിൽ വെച്ച് വധിക്കപ്പെട്ട രഘുരാജ് സിങ് എന്ന റാഷയാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട വ്യക്തി. ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ്‌ താക്കൂര്‍, വിനയ്‌ ശര്‍മ എന്നിവരെയാണ് 20 മാർച്ച് 2020ന് അവസാനമായി തൂക്കിലേറ്റിയത്.

കേരളത്തില്‍ തൂക്കിലേറ്റിയത് മൂന്ന് പേരെ

കേരളത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദവുമായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയിൽ 4 പേരുടെ കൊലപ്പെടുത്തിയ വി ബാലകൃഷ്‌ണനെ 16 മാർച്ച് 1990ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പർ ചന്ദ്രൻ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലൈ 6ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.

ഇന്ത്യയില്‍ ഇതുവരെ തൂക്കിലേറ്റിയത് ഒരു സ്‌ത്രീയെ മാത്രം

സ്വതന്ത്ര ഇന്ത്യയിൽ നിരവധി സ്‌ത്രീകള്‍ക്കും വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഒരാളെ മാത്രമാണ് തൂക്കിലേറ്റിയത്. 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്.

ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്‌തിരുന്ന രത്തൻ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്‌തിരുന്ന മൂന്ന് സ്‌ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തന്‍റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രത്തൻ ബായ് ജെയിൻ വിഷം നല്‍കി മൂന്ന് പെണ്‍കുട്ടികളെ കൊന്നത്. ഈ കേസിലാണ് 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായിയെ തൂക്കിലേറ്റിയത്.

കേരളത്തില്‍ വധശിക്ഷയ്‌ക്ക് വിധിക്കുന്ന മൂന്നാമത്ത സ്‌ത്രീയായി ഗ്രീഷ്‌മ, ഏറ്റവും പ്രായം കുറഞ്ഞതും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ത്രീയാണ് 24കാരിയായ ഗ്രീഷ്‌മ. സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്ന രണ്ടാമത്തെ സ്‌ത്രീയാണ് ഇവർ. കേരളത്തില്‍ ഇതുവരെ മൂന്ന് സ്‌ത്രീകള്‍ക്കാണ് വധശിക്ഷ വിധിച്ചത്.

2006 മാർച്ചിൽ കൊല്ലം വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതിയായ ബിനിതയ്‌ക്കാണ് കേരളത്തിൽ ആദ്യമായി വധശിക്ഷ വിധിക്കുന്നത്. 2024ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്‌ത്രീ റഫീക്കാ ബീവിയാണ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്‌ജി എ എം ബഷീറാണ് ഗ്രീഷ്‌മയുടെയും റഫീക്കയുടെയും വിധി പ്രസ്‌താവിച്ചത്.

2006-ൽ 35-ാം വയസിലാണ് ബിനിതയുടെ വധശിക്ഷ വിധിച്ചത്. എന്നാൽ കൊല്ലം ജില്ലാ സെഷൻസ് കോടതിയുടെ വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കു ളങ്ങര ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. വിധുകുമാരന്‍ തമ്പിയുടെ ഭാര്യ ബിനിത കുമാരി (35), കാമുകന്‍ രാജു എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

2000ലാണ് കേസിനാസ്‌പാദമായ സംഭവം നടന്നത്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരന്‍ തമ്പിയെ ഭാര്യ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്‌സായിരുന്ന രാജുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്

2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയെ ശാന്തകുമാരിയെ റഫീക്കാ ബീവി കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളായ വള്ളിക്കുന്ന ത്തു വീട്ടില്‍ അല്‍ അമീന്‍, മൂന്നാം പ്രതി റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചു. ഒരുകേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും വധശിക്ഷ വിധിച്ച കേരളത്തിലെ ഏക കേസായിരുന്നു ഇത്. ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്‌മയ്‌ക്കും വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ നിലവില്‍ 40 പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.


Read Previous

ജീവനക്കാരുടെയും അധ്യാപകരുടേയും പണിമുടക്ക് നേരിടാൻ സർക്കാർ; ഡയസ് നോൺ പ്രഖ്യാപിച്ചു

Read Next

കരൾ നൽകിയവൻറെ കരൾ കത്തിച്ച് ചാമ്പലാക്കിയവൾ…!’: ഷാരോൺ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »