വിജിലൻസ് അന്വേഷണത്തിൽ ഉമ്മൻചാണ്ടിയും അടൂർ പ്രകാശും കുറ്റവിമുക്തർ, അന്ന് മന്ത്രിസഭാ തീരുമാനത്തിൽ ഇരയായത് ഞാനാണ്’


കേരളത്തില്‍ ഉറച്ച നിലപാടുകളെടുക്കാൻ കഴിവുള്ള മുഖ്യമന്ത്രിമാർ കെ കരുണാ കരനും പിണറായി വിജയനുമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ വിശ്വാസ് മേത്ത. കേരളം വിവാദങ്ങളുടെ നാടായി മാറിയിരിക്കുക യാണെന്നും പരസ്പരം കാലുവാരുന്ന പ്രവണതയാണ് ഇപ്പോൾ നടക്കുന്നതെന്നും വിശ്വാസ് മേത്ത ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു.

‘പിണറായി വിജയന്റെ കീഴിൽ ആഭ്യന്തര സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അദ്ദേഹം എന്നോട് പറഞ്ഞത് മുൻവിധിയോ വിവേചനമോ ഇല്ലാതെ പ്രവർത്തിക്കണമെന്നാണ്. എനിക്കത് വലിയ ഞെട്ടലായിരുന്നു. ജോലിയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അദ്ദേഹം ഒരിക്കലും നിയന്ത്രിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ഒരു ലിസ്റ്റ് നൽകി. പൂർത്തിയാക്കേണ്ട പ്രോജക്ടുകളുടെ ലിസ്റ്റായിരുന്നു അത്. അതനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്’- വിശ്വാസ് മേത്ത പറഞ്ഞു.

ഇതൊരു ജനാധിപത്യ നാടാണ്. ജനങ്ങൾക്ക് അവരുടെ അഭിപ്രായം പറയാം. എന്നാൽ കേരളം ഇന്ന് വിവാദങ്ങളുടെ നാടായി മാറിയിരിക്കുകയാണ്. പരസ്പരം കാലുവാരുക യാണ് ഇപ്പോൾ ചെയ്യുന്നത്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയും വിവാദങ്ങൾ സംഭവിക്കുന്നതെന്ന് അറിയില്ല. ആരോ​ഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശക്തരായതുപൊലെ എന്തുകൊണ്ട് കേരളത്തിന് സാമ്പത്തിക മേഖലയിലും ശക്തരാകാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

താൻ കണ്ടതിൽ വെച്ച് ഏറ്റവും മനുഷ്യത്വമുള്ള ഒരു മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. എന്നാൽ അദ്ദേഹത്തിന്റെ ഭരണ കാലയളവിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നു. ‘ഭൂമി കുംഭകോണം നടന്നപ്പോള്‍ ഞാന്‍ റവന്യൂ സെക്രട്ടറിയായിരുന്നു. അന്ന് മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ ഇരയായത് ഞാൻ ആണ്. മന്ത്രിസഭ എടുത്ത തീരുമാനത്തിൽ എനിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അത് സംഭവിച്ചത്. ഹര്‍ജിയിലെ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടി, രണ്ടാം പ്രതി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മൂന്നാം പ്രതി വിശ്വാസ് മേത്ത. എന്നാൽ വിജിലന്‍സ് അന്വേഷണത്തിൽ ആദ്യ രണ്ടു പേരും ഒന്നും ചെയ്തിട്ടില്ല. മുഴുവൻ കുറ്റവും ചെയ്തത് വിശ്വാസ് മേത്ത ആയി. കേസ് പ്രതിരോധിക്കാന്‍ എനിക്ക് രണ്ടര ലക്ഷം മുടക്കേണ്ടി വന്നു’ – വിശ്വാസ് മേത്ത പറഞ്ഞു.


Read Previous

തിരുവനന്തപുരത്തേക്ക് പോകും എന്ന് പേടിപ്പിക്കാൻ പറഞ്ഞതാണ്, മറുപടി ഞാൻ കൊടുക്കും’:സുരേഷ് ഗോപി

Read Next

ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല’; രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »