ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ: ഖത്തർ എയർവേസിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ ഖത്തർ ഏവിയേഷൻ സർവിസിന് പ്രവർത്തനമികവിൽ നേട്ടങ്ങളുടെ വർഷം. ലോകകപ്പ് ഫുട്ബാളിന് ഖത്തർ സാക്ഷ്യംവഹിച്ച വർഷമായ 2022ൽ ദോഹയിലെത്തിയ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും ക്യൂ.എ.എസ് റെക്കോഡ് നേട്ടം കൈവരിച്ചു.
കഴിഞ്ഞ വർഷം 2.17 ലക്ഷം വിമാനങ്ങളാണ് ക്യൂ.എ.എസ് സമയനിഷ്ഠയോടെ കൈകാര്യം ചെയ്തത്. കൃത്യനിഷ്ഠയിൽ 99.31 ശതമാനമാണ് ക്യൂ.എ.എസ് സേവനത്തിന് മാർക്കിടുന്നത്. ഇതോടൊപ്പം സഹായം ആവശ്യമായ 6.56 ലക്ഷം യാത്രക്കാർക്കും ഇവരുടെ സേവനം തുണയായെന്ന് ഖത്തർ എയർവേസിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ദോഹ, ഹമദ് വിമാനത്താവളങ്ങളിലെത്തുന്ന വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതലയാണ് ക്യൂ.എ.എസ് വഹിക്കുന്നത്. വിമാന ലാൻഡിങ്, ചരക്കുനീക്കം, യാത്രക്കാർക്ക് വിമാനത്തിലെത്താനുള്ള സഹായം തുടങ്ങിയ സേവനങ്ങളാണ് ഇവരുടെ ദൗത്യം.
തിരക്കേറിയ സാഹചര്യത്തിലും ഏറ്റവും സൂക്ഷ്മവും കൃത്യതയും നിലനിർത്തുന്ന പ്രകടനം ക്യൂ.എ.എസ് നിർവഹിച്ചു. ദിവസവും മുഴുസമയവും ഇവരുടെ വലിയ ടീമിന്റെ സേവനം വിമാനത്താവളത്തിൽ ലഭ്യമാണ്. 53 രാജ്യങ്ങളിൽനിന്നുള്ള ഉന്നതയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ജീവനക്കാരുടെ സംഘമാണ് ക്യൂ.എ.സിന്റെ കരുത്ത്.
2000 മുതൽ ഹമദ് വിമാനത്താവളം ആസ്ഥാനമായി വിമാന സേവനങ്ങളിൽ ക്യൂ.എ.എസ് നിസ്തുല ദൗത്യം പൂർത്തിയാക്കുന്നതായി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഹമദിലും ദോഹ വിമാനത്താവളത്തിലുമെത്തുന്ന അന്താരാഷ്ട്ര വിമാനങ്ങൾ, വിവിധ രാഷ്ട്രത്തലവൻമാരെയും വി.ഐ.പികളെയും വഹിച്ചുള്ള വിമാനങ്ങൾ, സ്വകാര്യ വിമാനങ്ങൾ, എക്സിക്യൂട്ടിവ് ചാർട്ടർ വിമാനങ്ങൾ, കാർഗോ വിമാനങ്ങൾ എന്നിവയുടെയെല്ലാം ഗ്രൗണ്ട് ഹാൻഡ്ലിങ് ക്യൂ.എ.സിന്റെ ചുമതലയാണ്.
ഓരോ വർഷവും 3.5 കോടിയോളം യാത്രക്കാരെയും 5.70 കോടി ബാഗേജുകളും കുറ്റമറ്റരീതിയിൽ കൈകാര്യം ചെയ്യുന്നു. പരാതികളും വീഴ്ചകളുമില്ലാതെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിലെ സേവനങ്ങൾ പൂർത്തിയാക്കുന്നതിലും ക്യൂ.എ.എസിന്റെ ചുമതല അഭിനന്ദനാർഹമാണ്.
യാത്രക്കാർക്കും വിമാന കമ്പനികൾക്കും പരാതികളില്ലാതെ ഇവരുടെ സംഘം സേവനം പൂർത്തിയാക്കുന്നതിന്റെ കൂടി നേട്ടമാണ് സ്കൈട്രാക്സ് പോലെയുള്ള അന്താരാഷ്ട്ര ഏജൻസികളിൽ ഹമദ് വിമാനത്താവളത്തിലെ നേട്ടങ്ങൾ സൂചിപ്പിയ്ക്കുന്നത്.
സമയനിഷ്ഠ പാലിച്ചുള്ള ചരക്കുനീക്കവും എത്രയും വേഗത്തിൽ യാത്രക്കാർക്ക് ബാഗേജുകൾ ലഭ്യമാക്കുന്നതുമെല്ലാം അന്താരാഷ്ട്ര യാത്രക്കാരുടെ പ്രശംസക്ക് കാരണമാവുന്നു. വർഷം ശരാശരി 21 ലക്ഷം ടൺ ചരക്കുനീക്കമാണ് ക്യൂ.എ.എസ് വഴി നടക്കുന്നത്. ഓരോ വർഷവും രണ്ട് ശതമാനത്തോളം ഈ കണക്കിൽ വർധനവും രേഖപ്പെടുത്തുന്നു.
2600ൽ അധികം മോട്ടറൈസ്ഡും 5800ലധികം മോട്ടോറൈസ്ഡ് അല്ലാത്തതുമായ ഗ്രൗണ്ട് സർവിസിങ് ഉപകരണങ്ങളുമായി 99 ശതമാനത്തിലധികം പ്രവർത്തനശേഷി നിലനിർത്താൻ ക്യൂ.എ.എസിന് കഴിയുന്നതായി വാർഷിക റിപ്പോർട്ട് വിശദീകരിക്കുന്നു.
അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്സ് അസോസിയേഷൻ (അയാട്ട) അംഗം എന്ന നിലയിൽ വിവിധ ഗ്രൗണ്ട് ഹാൻഡ്ലിങ് ഗ്രൂപ്പുകളുമായി ക്യൂ.എ.എസ് പങ്കാളിയായാണ് പ്രവർത്തിക്കുന്നത്. ഇസാഗോ, ഐ.എസ്.എം 9001, ആർ.എ ത്രീ തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി.
ലോകകപ്പ് ഫുട്ബാൾ വേളയിലെ ഏറ്റവും തിരക്കേറിയ 2022 നവംബർ 18 മുതൽ ഡിസംബർ 19 വരെയുള്ള നാളുകളിലായിരുന്നു വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾ ക്യൂ.എ.എസ് പൂർത്തിയാക്കിയത്. ലോകകപ്പ് ചരിത്രത്തിൽതന്നെ ടൂർണമെൻറ് കാലയളവിൽ ഏവിയേഷൻ ഗ്രൗണ്ട് ഹാൻഡ്ലിങ് ഒറ്റക്ക് പൂർത്തിയാക്കിയ ഏക ഏജൻസിയായി ക്യൂ.എ.എസ് മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹമദ്, ദോഹ വിമാനത്താവളങ്ങളിലെത്തിയ മുഴുവൻ വിമാനങ്ങളുടെയും കൈകാര്യ ചുമതല ഇവർക്കായിരുന്നു.
ഈ ഘട്ടത്തിൽ 200ൽ ഏറെ എയർലൈൻ കമ്പനികൾക്കാണ് വിമാനത്താവളത്തിൽ ക്യൂ.എ.എസ് സേവനം നൽകിയത്. 25,000ത്തിലേറെ സർവിസുകൾക്ക് മേൽനോട്ടം വഹിച്ചു. 99.40 ശതമാനമായിരുന്നു പ്രവർത്തന വിജയനിരക്ക്.
പ്രത്യേക പരിഗണന ആവശ്യമായ 54,000 പേർ ഉൾപ്പെടെ 37 ലക്ഷം യാത്രക്കാരും ലോകകപ്പ് വേളയിൽ ദോഹയിലെത്തി. 29 ലക്ഷം ബാഗേജുകളും ഈ സമയം ക്യൂ.എ.എസ് കൈകാര്യം ചെയ്തു.
ബാഗേജ് കേടുപാടോ കാണാതാവലോ ഉൾപ്പെടെ പരാതികളുടെ നിരക്ക് 1000 യാത്രക്കാർക്ക് 0.12 ശതമാനം എന്ന നിലയിലായിരുന്നു. അന്താരാഷ്ട്ര എയർലൈൻ, പ്രൈവറ്റ് ജറ്റ്സ്, ചരക്കുവിമാനങ്ങൾ, ചാർട്ടർ ഫ്ലൈറ്റ് എന്നിവ ഉൾപ്പെടെ 3000ത്തോളം ഓപറേഷൻസ് ഈ സമയം നടന്നു.
