നമ്മുടേത് സത്യം പറയാന്‍ ഇഷ്ടപ്പെടാത്ത സമൂഹം: മല്ലിക സാരാഭായ്, ഷാര്‍ജ പുസ്തകോത്സവ സംവാദത്തില്‍ മനസ് തുറന്ന് മല്ലിക


ഷാര്‍ജ: സത്യം പറയാന്‍ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിഖ്യാത ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന 42ാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 10ാം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ ഒരുക്കിയ ‘ഇന്‍ എ ഫ്രീ ഫാള്‍’ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

ആഗോളതലത്തില്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് മല്ലിക പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളത് കൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അതിനു ശേഷം സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെ കൂടി. അതുകൊണ്ട് തന്റെ അമ്മയ്ക്കും ബുദ്ധിമുട്ടുകളുണ്ടായി.

പ്രകടമായ വംശീയ വേര്‍തിരിവ് ഗുജറാത്തിലുണ്ടായിരുന്നു. അവിടത്തെ ഷോപ്പുകള്‍ പോലും ഹിന്ദുവിന്റേതും മുസ്ലിമിന്റേതും എന്ന് കണക്കാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ മാറി. എന്നാല്‍, ജോലിയുടെ ഭാഗമായി കേരള കലാമണ്ഡലത്തില്‍ എത്തിയപ്പോള്‍ ഒക്‌സിജന്‍ ലഭിച്ചത് പോലെ വലിയ ആശ്വാസം തോന്നി. കലാമണ്ഡലത്തെ നല്ലനില യില്‍ കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വയനാട്ടില്‍ നിന്ന് ആദിവാസി കുട്ടി അവിടെ പഠിക്കാന്‍ വന്നതും ഹിജാബ് ധരിച്ചൊരു മുസ്ലിം പെണ്‍കുട്ടി കഥകളി പഠിക്കാനെത്തിയതും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്.

കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് മല്ലിക പറഞ്ഞു. അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിര്‍ത്തതുകൊണ്ടാണ് 14 വിസിമാരെയും ഗവര്‍ണര്‍ പുറത്താക്കിയതെന്ന് മല്ലിക അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനു ശേഷം സര്‍വകലാ ശാലകളില്‍ അതാത് രംഗങ്ങളില്‍ വൈദഗ്ധ്യള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ കലാമണ്ഡലത്തില്‍ കൊണ്ടുവന്നതെന്ന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ച മല്ലിക ചൂണ്ടിക്കാട്ടി.

കേരള കലാമണ്ഡലം കഥകളിക്ക് വളരെ പ്രശസ്തമാണ്. രാമന്‍കുട്ടി നായരെയും ഗോപി യാശാനെയും തനിക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് കലാക്ഷേത്രയും ശാന്തിനികേതനുമെല്ലാം. പക്ഷേ, ഇന്ത്യന്‍ കലകള്‍ അടിസ്ഥാനപരമായി ബ്രാഹ്മണി ക്കലും സ്ത്രീവിരുദ്ധതയുള്ളതും പുരുഷാധിപത്യപരവുമാണ്. അതില്‍ മാറ്റവുമുണ്ടായി ട്ടില്ല. ഇന്ത്യന്‍ കലകളുടെ മര്‍മവും കാതലും നാം ഇപ്പോള്‍ മനസ്സിലാക്കുന്ന രീതിയിലു ള്ളതല്ലെന്നാണ് തന്റെ വീക്ഷണമെന്നും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേത്രി കൂടിയായ മല്ലിക സാരാഭായ് വ്യക്തമാക്കി.

ആഗോളീയമായി മനുഷ്യസമൂഹം വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നു. അതില്‍ മനുഷ്യത്വമുള്ളവര്‍ വേദനിക്കുന്നു. ഇന്നൊരാള്‍ എനിക്ക് ദീപാവലി ആശംസ നേര്‍ന്നു. എന്നാല്‍, ഫലസ്തീനിലും യുക്രൈനിലുമെല്ലാം നിരവധി പേര്‍ ദുരിതമനുഭവിക്കുമ്പോള്‍ എങ്ങനെ ദീപാവലി ആഘോഷിക്കാനാകും, ആശംസ നേരാനാകും അവര്‍ ചോദിച്ചു. സമൂഹം കൂടുതല്‍ അനുകമ്പയോടെ പെരുമാറേണ്ടതുണ്ടെന്നും അവര്‍ നിരീക്ഷിച്ചു. 17ാം വയസ്സില്‍ അഛന്‍ നഷ്ടപ്പെട്ട താന്‍ വലിയ മാനസികാഘാതങ്ങളാണ് നേരിട്ടതെന്ന് പറഞ്ഞ അവര്‍ ബ്രെയിന്‍ ട്യൂമറുണ്ടായിരുന്ന തന്റെ ബാല്യകാലവും ഓര്‍ത്തെടുത്തു.

പീറ്റര്‍ ബ്രൂക്കിന്റെ ‘മഹാഭാരതം’ നാടകത്തില്‍ ദ്രൗപദിയുടെ വേഷം ചെയ്തതോടെയാണ് മല്ലിക സാരാഭായ് പ്രശസ്തയായത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും ക്ലാസ്സിക്കല്‍ ഡാന്‍സര്‍ മൃണാളിനി സാരാഭായിയുടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും പ്രഗല്‍ഭയാണ്. കലയെ സാമൂഹിക പരിഷ്‌കരണത്തിന് ഉപയോഗിച്ച മല്ലിക സാരാഭായ് ഗുജറാത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ലാണ് പഠിച്ചത്. കേരള കലാമണ്ഡലം ചാന്‍സലറായ അവര്‍ നിരവധി രാജ്യാന്തര വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്.


Read Previous

പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന് നവ നേതൃത്വം, സത്യന്‍ കാനക്കീൽ പ്രസിഡണ്ട്‌.

Read Next

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു! ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »