
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപ ണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. ആക്രമണമുണ്ടാവുമെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോദി തന്‍റെ കശ്‌മീര്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നുമാണ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരിക്കുന്നത്.
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നടന്ന ‘സംവിധാൻ ബച്ചാവോ’ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്. ഇന്‍റലിജൻസ് പരാജയം സർവകക്ഷി യോഗത്തിൽ കേന്ദ്രം അംഗീകരിച്ചു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി കശ്‌മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാ ത്തതിന്‍റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് മോദിജിക്ക് ഒരു ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി എനിക്ക് വിവരം ലഭിച്ചു. അതുകൊണ്ടാണ് മോദി ജി തന്‍റെ കശ്‌മീർ സന്ദർശനം റദ്ദാക്കിയത്. അവിടെ പോകുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഒരു ഇന്‍റലിജൻസ് റിപ്പോർട്ട് പറയുമ്പോൾ, ജനങ്ങളെ സംരക്ഷിക്കുന്നതിനായി എന്തുകൊണ്ടാണ് നിങ്ങള്‍, നിങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇന്‍റലിജൻസ്, ലോക്കൽ പൊലീസ്, അതിർത്തി സേന എന്നിവരെ അറിയിക്കാതിരുന്നത്. വിവരം ലഭിച്ചപ്പോൾ, നിങ്ങൾ നിങ്ങളുടെ പരിപാടി റദ്ദാക്കി. പക്ഷേ വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ കൂടുതൽ സേനയെ അവിടേക്ക് അയച്ചില്ല” – ഖാര്‍ഗെ പറഞ്ഞു.
“സർവകക്ഷി യോഗത്തിൽ, ഇന്‍റലിജൻസ് പരാജയം ഉണ്ടെന്ന് നിങ്ങൾ (പ്രധാനമന്ത്രി മോദി) സമ്മതിച്ചു. അതിനാല്‍ തന്നെ പഹൽഗാം ആക്രമണത്തിൽ ഉണ്ടായ ജീവഹാനിക്ക് കേന്ദ്രം ഉത്തരവാദിയാകേണ്ട തല്ലേ?”- അദ്ദേഹം ചോദിച്ചു. പാർട്ടി, മതം, ജാതി എന്നിവയ്ക്ക് അതീതമാണ് രാജ്യം. അതിനാൽ പഹൽ ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരായ ഏത് നടപടിക്കും കോൺഗ്രസ് കേന്ദ്രത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും വിനോദസഞ്ചാരികളായിരുന്നു.