ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ അറിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദേശമെന്നാണ് സൂചന. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960 സെപ്തംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് ഉടമ്പടി ഒപ്പിട്ടത്. ഒമ്പതുവർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് – പടിഞ്ഞാറൻ നദികൾ പാകിസ്ഥാന്. രവി, ബിയാസ്, സത്ലജ് – കിഴക്കൻ നദികൾ ഇന്ത്യയ്ക്ക്. അതിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്.
സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ശരിക്കും ഉലയ്ക്കും. ഇന്ത്യ മുന്നറിയിപ്പ് നൽകാതിരുന്നാൽ നദിയിലെ വെള്ളപ്പൊക്കം ജലബോംബായി പാകിസ്ഥാനിൽ കനത്ത നാശം വിതയ്ക്കും. സിന്ധു നദി ടിബറ്റൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ.