ഏഷ്യയില്ലാതെ സെമി ഫൈനല്‍; പാകിസ്ഥാന്‍ തോറ്റു, ഇന്ത്യയും പുറത്ത്; ന്യൂസിലാന്‍ഡ് മുന്നോട്ട്


ദുബായ്: വിജയലക്ഷ്യമായ 111 റണ്‍സ് 10.4 ഓവറില്‍ അടിച്ചെടുത്താല്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാം, 10.4 ഓവറിന് ശേഷമാണ് ജയിക്കുന്നതെങ്കില്‍ അയല്‍ ക്കാരായ ഇന്ത്യയെ സെമിയില്‍ എത്തിക്കാം. ഇത് രണ്ടും നടന്നില്ല. 11.4 ഓവറില്‍ വെറും 56 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. ഇതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും വനിതകളുടെ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായി. 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ന്യൂസിലാന്‍ഡ് വനിതകള്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

സ്‌കോര്‍: ന്യൂസിലാന്‍ഡ് 110-6 (20) | പാകിസ്ഥാന്‍ 56-10 (11.4) | പ്ലെയര്‍ ഓഫ് ദി മാച്ച്: ഈഡന്‍ കാര്‍സണ്‍താരതമേന്യ ചെറിയ വിജയലക്ഷ്യമായ 111 റണ്‍സ് പിന്തുടരാനിറ ങ്ങുമ്പോള്‍ വിജയലക്ഷ്യം 10.4 ഓവറില്‍ മറികടക്കുകയെന്നത് തന്നെയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് അവര്‍ നയം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായി.

21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാത്തിമ സന. 15 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുനീബ അലി എന്നിവര്‍ മാത്രമാണ് പാക് വനിതകളില്‍ രണ്ടക്കം കടന്നത്. നാല് പേര്‍ പൂജ്യത്തിന് പുറത്തായി.ന്യൂസിലാന്‍ഡിന് വേണ്ടി അമേലിയ ഖേര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ മുന്നിട്ട് നിന്നു. ഈഡന്‍ കാര്‍സണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലീ താഹുഹു, റോസ്‌മേരി മെയര്‍, ഫ്രാന്‍ ജൊനാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട ബൗളിംഗ് പ്രകടനത്തിലൂടെയാണ് പാകിസ്ഥാന്‍ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

എന്നാല്‍ ഫീല്‍ഡിംഗില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതിലും ചെറിയ സ്‌കോറിന് കിവീസിനെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയുമായി രുന്നു. എട്ട് ക്യാച്ചുകളാണ് പാക് വനിതകള്‍ നിലത്തിട്ടത്.സൂസി ബെയ്റ്റ്‌സ് 28(29), ജോര്‍ജിയ പ്ലിമര്‍ 17(14), ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 19(25), ബ്രൂക് ഹാലിഡേ 22(24) എന്നിവരുടെ മികവിലാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ നൂറ് കടന്നത്. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. സാദിയ ഇഖ്ബാല്‍, നിദാ ധാര്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഗ്രൂപ്പില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു. കഴിഞ്ഞ ദിവസം ഓസീസിനോട് 9 റണ്‍സിന് തോറ്റ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ ഇന്ന് പാകിസ്ഥാന്‍ വിജയിക്കണമായിരുന്നു. ശ്രീലങ്കയും ബംഗ്ലാദേശും സെമി കാണാതെ പുറത്തായതോടെ ലോകകപ്പിലെ അവസാന നാലില്‍ പ്രവേശിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്ന നാണക്കേടും പേറിയാണ് ഏഷ്യന്‍ വനിതകള്‍ നാടുകളിലേക്ക് മടങ്ങുന്നത്.


Read Previous

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി കാനഡ, പിന്നാലെ തിരിച്ചടിച്ച് ഇന്ത്യ

Read Next

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണം’; വർഗീയവാദികൾ മുതലെടുക്കും, സംഘർഷത്തിന് കാരണമാകുമെന്ന് എം വി ​ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »