ശ്രീനഗര്‍: വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് വാക്ക് തെറ്റിച്ച് പാകിസ്ഥാന്‍. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിക്കുന്നത്.

ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം ആരോപിക്കുന്നത്. ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലിംഗും നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നാണ് ഒമര്‍ അബ്ദുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നത്. ഉദംപുരില്‍ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായത്. സൈനിക തലത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു.