യു.എൻ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ; ഇടപെട്ട് അന്റോണിയോ ഗുട്ടെറസ്; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്ര സഭ. പാകിസ്ഥാന്റെ അഭ്യര്‍ ത്ഥന പ്രകാരമാണ് ഇടപെടല്‍. ഇരു രാജ്യങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെ റസ് ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തില്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.

നിയമപരമായ മാര്‍ഗങ്ങളിലൂടെ ഈ ആക്രമണങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടി ക്കാട്ടിയ അദേഹം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്ത പൂര്‍ണമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും യു.എന്‍ തലവന്‍ എടുത്തു പറഞ്ഞു.

‘യു.എന്‍ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസംശയം അപലപിച്ചതിനെ അഭിനന്ദി ക്കുന്നു. ഉത്തരവാദിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്’- ഫോണ്‍ സംഭാഷണത്തിന് ശേഷം ജയശങ്കര്‍ എക്സില്‍ കുറിച്ചു.

‘പഹല്‍ഗാം സംഭവത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ സമിതി പ്രമേയങ്ങള്‍ക്ക് അനുസൃതമായി ജമ്മു ആന്‍ഡ് കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതില്‍ യു.എന്‍ അതിന്റെ പങ്ക് വഹിക്കണം. പാകിസ്ഥാന്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്’- പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്‌സില്‍ കുറിച്ചു.

അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്ന തിനിടെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളുമായി സംസാരിച്ചത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാ കവേ സ്ഥിതി വഷളാക്കാതെ നോക്കാന്‍ ഇരു രാജ്യങ്ങളോടും അമേരിക്ക അഭ്യര്‍ത്ഥിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

അതിനിടെ രാജ്യന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസം വരെയും നിയന്ത്രണ രേഖയ്ക്ക് സമീപം വരെ മാത്രമായിരുന്നു വെടിവെപ്പ്. ചൊവ്വാഴ്ച രാത്രി മുതല്‍ അഞ്ചിടത്ത് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.


Read Previous

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

Read Next

ഇതിഹാസ ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ സണ്ണി തോമസ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »