
ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിംഗ് കമാൻഡർ വ്യോമിക എന്നിവരായിരുന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
വാർത്താ സമ്മേളനത്തിൽ പറഞ്ഞത്: 26 ഇന്ത്യൻ സേനാ താവളങ്ങൾ പാകിസ്ഥാൻ സേന ലക്ഷ്യമിട്ടു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഭട്ടിൻഡ സൈനിക താവളം ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകളും ആയുധങ്ങളുമാണ് ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചത്.
നാന്നൂറോളം ഡ്രോണുകൾ ഇന്ത്യ തകർത്തു.അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാല് വ്യോമ താവളങ്ങളെയും പാകിസ്ഥാൻ ലക്ഷ്യമിട്ടു. ആക്രമണത്തിന് യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ കവചമാക്കി. ആക്രമണ സമയത്ത് ദമാമിൽ നിന്ന് ലാഹോറിലേക്ക് വിമാനം പറന്നു. പാക് ആയുധങ്ങളെയെല്ലാം ഇന്ത്യ തകർത്തു. പാക് സൈന്യത്തിന് കനത്ത നഷ്‌ട മുണ്ടായി. പാകിസ്ഥാന്റെ ഏരിയൽ റഡാർ സംവിധാനം തകർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയാണ് ഇതിലൂടെ വെളിപ്പെട്ടത്.പാകിസ്ഥാൻ തുടർച്ചയായി കള്ളം പറയുകയാണ്.
ഗുരുദ്വാര ലക്ഷ്യമിട്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഇന്ത്യയിലെ സ്‌കൂളുകൾക്ക് നേരെ പാകിസ്ഥാൻ ആക്രമണം നടത്തി. രണ്ട് വിദ്യാർത്ഥികൾ മരിച്ചു.