
പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വടക്കേക്കര പോലീസ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. രാത്രി 8.30-ഓടെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണിത്. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.
മകളെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്. ഹരിദാസ്, വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.
ദിവസങ്ങൾക്കു മുൻപ് മാല്യങ്കരയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന് പരാതി നൽകിയതും. ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകൾ പുറത്തുവന്നിരുന്നു.