തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പര്‍വതികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാന്‍ പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ പാര്‍ട്ടി പരിശോധിക്കും. സജി ചെറിയാന്റെ പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഒരു മതത്തിനും വിശ്വാസത്തിനും സിപിഎം എതിരല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. പക്ഷെ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ ഭൗതിക സാഹചര്യം പരിശോധിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആകില്ല. അതാണ് കേരളത്തിന്റെ അവസ്ഥ.
കേരളത്തിന് പുറത്തു കടന്നാല്‍ ഇവരെല്ലാം മൃദു ഹിന്ദുത്വത്തിന്റെ ഒപ്പമാണ്. തീവ്രഹിന്ദുത്വത്തിന് ഒപ്പമാണ്, മൃദു ഹിന്ദുത്വ നിലപാടു സ്വീകരിച്ചുകൊണ്ട് കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തതെന്ന് നമുക്കെല്ലാം അറിയാം. ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി മാത്രമാണുള്ളത്. അദ്ദേഹം വിളിച്ചില്ലെങ്കിലും അയോധ്യയില്‍ പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിനുള്ളില്‍ മാത്രമേ മതനിര പേക്ഷയൊക്കെ ഉള്ളൂ. അതിനപ്പുറം കടന്നാല്‍ ഒന്നുമില്ല. അവിടെയുള്ള കോണ്‍ഗ്രസു കാര്‍ ഒരേ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. കേരളത്തില്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സ്വാധീനമുണ്ട്. അതിനു മുകളില്‍ കയറി നിന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് അവസരവാദപരമായ നിലപാടു സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.