
മുംബൈ: ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും മുൻ കോർപറേറ്ററുമായ അഭിഷേക് ഗോസാൽക്കറെ ഫെയ്സ്ബുക് ലൈവിനിടെ ബിസിനസുകാരനായ മോറിസ് നെറോണ വെടിവച്ചുകൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലം.
ശിവസേന മുൻ എംഎൽഎ വിനോദ് ഗോസാൽക്കറുടെ മകനായ അഭിഷേകിനെ വ്യാഴാഴ്ച സന്ധ്യയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ അതേ തോക്കിൽ നിന്ന് മോറിസ് നെറോണയും വെടിയുതിർത്ത് മരിക്കുകയായിരുന്നു. അഭിഷേകിന്‍റെ സംസ്കാരം നടത്തി. ഇദ്ദേഹത്തിന്‍റെ ഭാര്യ തേജസ്വിയും മുൻ കോർപറേറ്ററാണ്.
കേസിൽ മോറിസ് നെറോണയുടെ ബോഡി ഗാർഡ് അമരേന്ദ്ര മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. കൈവശം വയ്ക്കാൻ അധികാരമില്ലാത്തയാൾക്ക് തോക്ക് നൽകിയെന്ന് ആരോപിച്ച് മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം മുംബൈയിൽ വൻ രാഷ്ട്രീയ വിവാദമായി മാറുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തിരിയ്ക്കെ അന്വേഷണത്തിനായി 2 ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു.
10 ദിവസത്തിനിടെ രാഷ്ട്രീയക്കാർ ഉൾപ്പെട്ട മൂന്നാമത്തെ വെടിവയ്പു സംഭവമാണിത്. ഇത് ഉയർത്തിക്കാട്ടി സർക്കാരിനെതിരെ വലിയ പ്രചാരണത്തിന് പ്രതിപക്ഷം തുടക്കമിട്ടു. ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് വിഭാഗവും ആവശ്യപ്പെട്ടു.
ബിസിനസുകാരനായ മോറിസ് നെറോണ സാമൂഹിക പ്രവർത്തകനാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കോവിഡ്കാലത്തും തുടർന്നും സഹായപദ്ധതികളുമായി രംഗത്തുള്ള ഇയാൾ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു. വിവിധ പാർട്ടി നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കവെയാണ് വെടിവയ്പും മരണവും. രാഷ്ട്രീയ മോഹങ്ങൾക്ക് അഭിഷേക് വിലങ്ങുതടിയായേക്കുമെന്ന തോന്നൽ മോറിസിനുണ്ടായിരുന്നെന്നാണ് സൂചന.
മോറിസിനെതിരെ ലൈംഗിക പീഡനമടക്കം ഒട്ടേറെ കേസുകളുണ്ട്. ഗുണ്ടാപരിവേഷത്തിൽ നിന്ന് സാമൂഹിക പ്രവർത്തകന്റെ മുഖം അണിയാനുള്ള ശ്രമത്തിന്റെ ഭാഗമായി സേവനപ്രവർത്തനങ്ങളിൽ ഇയാൾ സജീവമാണ്. എന്നാൽ, ലൈംഗികമായി പീഡിപ്പിച്ചെന്നും 88 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് 48 വയസ്സുള്ള സ്ത്രീ നൽകിയ പരാതിയിൽ 2022 ജൂണിൽ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ഇൗ കേസിൽ അഭിഷേക് ഗോസാൽക്കർ പരാതിക്കാരിക്കൊപ്പം ഉറച്ചുനിന്നതാണ് തന്റെ അറസ്റ്റിനും 5 മാസത്തെ ജയിൽവാസത്തിനും കാരണമായതെന്ന മോറിസിന്റെ തോന്നലാണ് പ്രതികാരത്തിനു കാരണമെന്നാണു സൂചന. ചോദ്യം ചെയ്യലിൽ മോറിസിന്റെ ഭാര്യ ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഏറെക്കാലമായി ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുണ്ട്. ക്ഷമിച്ചെന്നും പ്രശ്നം പരിഹരിച്ചെന്നും പറഞ്ഞ് ഫെയ്സ്ബുക്കിൽ ഒരുമിച്ച് ലൈവ് ചെയ്യാമെന്നും പറഞ്ഞ് അഭിഷേകിനെ മോറിസ് ബോറിവ്‌ലി ഐസി കോളനിയിലെ ഓഫിസിൽ തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം മോറിസ് സംസാരിച്ച ശേഷം മറ്റൊരു മുറിയിലേക്ക് പോയി. തുടർന്ന് അഭിഷേക് സംസാരം അവസാനിപ്പിച്ച് എണീക്കുമ്പോഴാണ് അടിവയറ്റിലും തോളിലുമായി നാലുതവണ വെടിവച്ചത്. ഇത് ഫെയ്സ്ബുക് ലൈവിൽ കാണാം. തുടർന്ന് സ്വയം നിറയൊഴിക്കുന്ന ശബ്ദവും കേൾക്കാം.
മോറിസ് നാലു ദിവസം മുൻപ് ശിവസേന വിമത നേതാവു കൂടിയായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ചിരുന്നതായും പാർട്ടിയിൽ ചേരാൻ മുഖ്യമന്ത്രി അയാളോടു നിർദേശിച്ചതായും ഉദ്ധവ് പക്ഷനേതാവായ സഞ്ജയ് റാവുത്ത് ആരോപിച്ചു. പ്രതിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രവും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ക്രിമിനലുകളെ പോറ്റിവളർത്തുകയാണെന്നും ക്രമസമാധാനനില പൂർണമായി തകർന്നെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലപ്പെട്ട ശിവസേനാ നേതാവിന്റെ വസതിയിലെത്തി ഉദ്ധവ് താക്കറെയും ഭാര്യ രശ്മിയും മകൻ ആദിത്യ താക്കറെയും അന്ത്യാഞ്ജലിയർപ്പിച്ചു. ഉദ്ധവ് പക്ഷ നേതാക്കളും അണികളും ഉൾപ്പെടെ വൻജനാവലി വിലാപയാത്രയിൽ പങ്കെടുത്തു.
ശിവസേനാ നേതാവിന്റെ കൊലപാതകത്തിൽ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിനോട് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ പ്രതികരണം വിവാദത്തിൽ. നായ വാഹനത്തിന് അടിയിൽപെട്ടാൽപോലും പ്രതിപക്ഷം തന്റെ രാജി ആവശ്യപ്പെടുമെന്ന പ്രതികരണമാണ് വ്യാപക വിമർശനത്തിനു കാരണമായിരിക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാവായ ഫഡ്‌നാവിസിന്റെ പരാമർശം നിരുത്തരവാദപരമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു