അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെ നയിക്കും’, മുഖ്യമന്ത്രിയോ? പ്രതികരിച്ച് എംഎ ബേബി


മധുര: കോണ്‍ഗ്രസിനോടും ദേശീയ തലത്തിലുള്ള സഖ്യങ്ങളോടും നിലവില്‍ തുടരുന്ന സമീപനം തുടരുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും എം എ ബേബി നിലപാട് വ്യക്തമാക്കി.

പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ ഭാഗമായി കുറച്ചുകാലമായി പ്രവര്‍ത്തിച്ച് വരുകയാണ്, അതിന്റെ തുടര്‍ച്ചയാണ് ജനറല്‍ സെക്രട്ടറി പദം. സംഘടനാപരമായി വലിയ വെല്ലുവിളിയാണിത്. പക്ഷെ കൂട്ടായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും. ഇതില്‍ എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാകു മെന്നാണ് പ്രതീക്ഷ. യഥാര്‍ഥത്തില്‍ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള വെല്ലുവിളികള്‍.

സിപിഎം സംഘടനാപരമായി ഒരു പുനര്‍ശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഭിപ്രായം. നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപ രിവാറിനും എതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കണ മെന്നതാണ്. പക്ഷെ രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കുന്നത് ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കാണക്കിലെടുത്ത് കൊണ്ടാകണം. ദേശീയ തലത്തിലുള്ള സഖ്യങ്ങളെ പിന്തണക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തടസമാകുമോയെന്ന ചോദ്യത്തിനായിരുന്നു ഉത്തരം.

ഡല്‍ഹി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യ ബ്ലോക്കിലുള്ള ആംആദ്മിയും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചു. ബംഗാളില്‍ ത്രികോണ മത്സരമാണ് നടന്നത്. ഇന്ത്യ ബ്ലോക്കിലെ പാര്‍ട്ടിയാണല്ലോ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ഒരോ സംസ്ഥാനങ്ങളുടെയും പ്രത്യേകതകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെയാണ് പാര്‍ട്ടിയെ നയിക്കുക അതില്‍ സംശയമില്ല. പിണറായി വിജയന്‍ തന്നെയാകുമോ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനാണ് എം എ ബേബി മറുപടി നല്‍കിയത്. നിലവില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയന്‍. സ്വഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടാകാര്യത്തിലുമെല്ലാം നയിക്കും.

ഒരു തുടര്‍ഭരണം കിട്ടിയാല്‍ അന്ന് ആര് മുഖ്യമന്ത്രിയാരാകും എന്നത് അപ്പോള്‍ തീരുമാനിക്കുമെന്നും എംഎ ബേബി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം നടന്ന കാര്യവും പുതിയ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റെന്നും 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചതെന്നും ബേബി വ്യക്തമാക്കി. മത്സരിക്കാനുള്ള ജനാധിപത്യ അവകാശം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Read Previous

റിയാദിൽ പെരുമ്പടപ്പ് കൂട്ടായ്മ നിലവിൽ വന്നു.

Read Next

വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയം ഓൺലൈനിലും വേണ്ട; ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »