പ്ലാച്ചേരി വനംവകുപ്പ് ഓഫീസ്, കഞ്ചാവുചെടി വിവാദം: റേഞ്ച് ഓഫീസറുടെ മൊഴിയെടുത്തു


കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ മൊഴിയെടുത്തു. കോട്ടയം പാറന്പുഴയിലെ വനംവകുപ്പിന്റെ ഓഫീസിൽ വിളിച്ചുവരുത്തി വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച മൊഴിയെടുത്തത്.

സംഭവത്തിൽ വിജിലൻസ് വിഭാഗം മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു. കഞ്ചാവ് വളർത്തിയെന്ന് ആക്ഷേപം ഉയരുംവിധം വിവാദം ഉണ്ടായതിൽ ജീവനക്കാർക്കും മേധാവികൾക്കും വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ടിലുള്ളത്. പക്ഷേ, ആരൊക്കെ എന്തൊക്കെ കുറ്റമാണ് ചെയ്തതെന്ന് പറയുന്നില്ല. അത് വിശദ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂ. എക്സൈസ് സംഘവും പോലീസും നടത്തുന്ന അന്വേഷണങ്ങളിൽ വനംവകുപ്പ് സഹകരിക്കും. ജയൻ 21-ന് സമർപ്പിച്ച റിപ്പോർട്ടിൽ 16 എന്ന തീയതി കൂട്ടിച്ചേർത്തത് പരിശോധിക്കും.

വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്ന് ബി.ആർ. ജയൻ മാധ്യമങ്ങളോട് പറഞ്ഞു. ആര് കുറ്റംചെയ്താലും ശിക്ഷിക്കപ്പെടണം. അന്വേഷണവുമായി പൂർണമായും സഹകരിക്കും. തനിക്കെതിരേ ഉദ്യോഗസ്ഥതല ഗൂഢാലോചനയെന്ന് കരുതുന്നില്ല. മേലുദ്യോഗസ്ഥരെ പൂർണവിശ്വാസമുണ്ട്.

അതിനിടെ എരുമേലി, പ്ലാച്ചേരി വനം ഓഫീസ് ചുമതലക്കാർ തമ്മിലുള്ളതെന്ന് സംശയിക്കുന്ന ഓഡിയോ ക്ലിപ്പ് തിങ്കളാഴ്ച രാത്രി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയ കാര്യംതന്നെ അറിയിക്കാഞ്ഞതെന്ത് എന്നാണ് മേലുദ്യോഗസ്ഥനെന്ന് തോന്നുന്ന വ്യക്തി ചോദിക്കുന്നത്. ചെടി കണ്ടപ്പോൾ തന്നെ പിഴുതു കളഞ്ഞെന്നും മുകളിലേക്ക് അറിയിക്കാൻ കഴിഞ്ഞില്ലെന്നും കീഴുദ്യോഗസ്ഥൻ മറുപടി നൽകുന്നു. ചെടി വളർത്തിയ ആളിനെ താൻ വിളിച്ചുവരുത്തി മൊഴി എടുത്തുവെന്നും അയാൾ ഓഫീസിൽ ഇനി ഉണ്ടാകരുതെന്നും മേലുദ്യോഗസ്ഥൻ താക്കീത് നൽകുന്നുമുണ്ട്. ഓഡിയോ ആരുടേതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ചയാണ് പ്ലാച്ചേരി വനം ഓഫീസ് വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന ആരോപണം ഉയർന്നത്. റേഞ്ച് ഓഫീസറായിരുന്ന ജയൻ കീഴ്ജീവനക്കാർക്കെതിരേ റിപ്പോർട്ട് നൽകിയിരുന്നു. വനിതാ ജീവനക്കാർ നേരത്തെ ജയനെതിരേ നൽകിയ പരാതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് വന്നതോടെ ജയൻ റിപ്പോർട്ട് മേലധികാരികൾക്ക് അയച്ചുവെന്നാണ് ആക്ഷേപം.


Read Previous

ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു; പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു

Read Next

#CITU strike against Ganesh Kuma |ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »