കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്


മണ്ണപ്പം ചുട്ടുവിളമ്പിയ-
തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,
മരമണ്ടനെ മണ്ടയ്ക്കിട്ടു-
കിഴുക്കാനൊന്നു മടിച്ചെന്നാൽ,

മതമിങ്ങനെ മതിയിലെ-
യർബുദമായി പടർന്നതുപോൽ,
മണ്ണുണ്ടും മണ്ണിലുരുണ്ടും-
മണ്ണുണ്ണികളാവാം..

കണ്ടില്ലേ, കഥകളിൽനിന്നും-
കനലു പിറക്കണു, കലകളൊടുങ്ങണു-
കാർന്നോന്മാർ നട്ടതിലൊക്കെ-
പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി.

ആരാണ്ടേതാണ്ടൊരു കാല-
ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,
നിനവുകടഞ്ഞുരുട്ടി, നഞ്ചും-
കലർത്തിയിന്നു വിളമ്പുന്നു.

വിഷമയമായോരോ, മനുജ-
വിചാരവുമരുതാത്തതിരുകളായ്,
പകനിറയണ മനസ്സുകൾ പുകയണു-
തമ്മിലുടക്കും ബന്ധങ്ങൾ..

അതിരുകളുടെ ചിന്തകളില്ലാ-
ത്തനുഭവമല്ലേ സൗഹാർദം,
അരുതായ്മകൾ കൂട്ടിക്കെട്ടിയ-
കാട്ടിക്കൂട്ടലിനെന്തർത്ഥം.

ഒന്നായതറുത്തു മുറിച്ചതിലെരിവും-
ചേർത്തിട്ടേച്ചു കൊരുത്തവർ,
ഒരിയ്ക്കലും കൂടാ മുറിവുക-
ളഴുകിയതൂറ്റിത്തഴച്ചിടുന്നു.

സൗഹാർദം, മതസൗഹാർദം-
ഏച്ചുമുറുക്കിയ പാശം പോൽ,
ചിന്തകളെയുടക്കിയിടാനായ്-
ആരുപടച്ച കുതന്ത്രങ്ങൾ?

മതമെന്നൊരു മറയില്ലാതെ,
വിദ്വേഷക്കറ പുരളാതെ,
ഉറ്റവരൊറ്റുയിരായ്ക്കാണണ-
കനവിനുമെന്തഴകാണെന്നോ!


Read Previous

എൻ എസ് കെ “സ്പന്ദനം 2023” മെയ് 26ന് ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യ അതിഥികൾ.

Read Next

സൗദിയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »