#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്


അലക്കിയഴയിൽ വിരിച്ചപോലെ-
ചിരിച്ചു നിൽക്കും സ്ഥാനാർഥി.
അരിച്ച വാക്കുകൾ ചുരത്തി ജനതയെ- വരുതിയിലാക്കും വിരുതരിവർ.

പഠിച്ച തരികിടയടവുകളെല്ലാം,
പയറ്റി നേടും പീഡത്തിൽ,
ഞെളിഞ്ഞിരിയ്ക്കും നേരം-
നൽകിയ വാഗ്ദാനങ്ങൾ മറന്നീടും.

പകലിൻ നേരിൽ പൊള്ളിയ-
ജീവിത വ്യഥകളുമായി ജനം,
പകച്ചുനിൽപ്പാണടുത്ത പകലിനെ-
യെതിരേൽക്കാനുള്ളാധികളാൽ.

ഗതികേടാൽ തൻ അവകാശത്തിനു-
കൈകൾ നീട്ടിക്കെഞ്ചുമ്പോൾ,
ആകെ മുഷിഞ്ഞ മുഖം വീർപ്പിച്ചു-
നടന്നകലുന്നിവർ പുച്ഛത്താൽ.

അടിച്ചു മാറ്റിയ ഭാണ്ഡവുമായ് ചിലർ,
അകത്തുതന്നെയിരിപ്പുണ്ട്,
അടുത്തതാർക്കാണവസരമങ്ങോ-
ട്ടിഴഞ്ഞുകയറാൻ മറ്റുചിലർ.

കുതിരക്കച്ചവടത്തിനു തെരുവിൽ-
കച്ചമുറുക്കിയിരിയ്ക്കുന്നു,
പ്രലോഭനങ്ങളിലുലയാത്തൊരു-
നിലപാടും നിലവിലിതില്ലത്രേ.

കൂറും മാറി ചതിച്ചു വാഴ്‌വതിനേക്കാൾ-
പാതകമെന്തുണ്ട്,
സമ്മതിദായക സമ്മതമില്ലാ-
തെങ്ങിനിതിങ്ങനെയിന്നാട്ടിൽ.

ജനാധിപത്യം കീറക്കുടപോൽ-
നിവർന്നു നിൽക്കുമ്പോൾ,
കൊള്ളരുതായ്മയ്ക്കൊപ്പം കൂടിയ-
വിഡ്ഢികളായ് ജനമുരുകുന്നു.

പറഞ്ഞ വാഗ്ദാനത്തിലെ- പതിരുകളറിയാഞ്ഞിട്ടല്ല
തരുന്നു വീണ്ടുമിതറിഞ്ഞു-
തന്നെയൊരൗദാര്യം മാത്രം.



Read Previous

#Gulf Malayali Federation.Ifthar|മരുഭൂമിയിലെ അവനവൻ തുരുത്തിൽ വേറിട്ട ഇഫ്താർ വിരുന്നൊരുക്കി ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍.

Read Next

# Loksabha Election 2024: BJP 5th Phase Candidate List | കങ്കണ മണ്ഡിയിൽ, കെ. സുരേന്ദ്രന്‍ വയനാട്, കൃഷ്ണകുമാര്‍ കൊല്ലത്തുനിന്നും മത്സരിക്കും; മേനക ഗാന്ധിക്ക് സുല്‍ത്താന്‍പുരില്‍ സീറ്റ് നല്‍കിയപ്പോള്‍ മകന്‍ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »