കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അന്വേഷണത്തിന് നാലംഗ അദ്ധ്യാപക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളാണ് ആകാശെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ആകാശിന് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതുൾപ്പെടെ പരിശോധിച്ച് വരികയാണ്.
ഇന്നലെ രാത്രിയാണ് കളമശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രണ്ട് മുറികളിൽ നിന്നായാണ് ഇത് ലഭിച്ചത്. കേസിൽ രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ആദ്യത്തെ എഫ്‌ഐആറിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്നും കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് രണ്ടാമത്തെ എഫ്ഐആറിലെ പ്രതികൾ. 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്.
