ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സിമന്റ് ഇഷ്ടികകൊണ്ട് അതിക്രൂരമായി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിരണ്ടുകാരനും ഇന്റീരിയർ ഡിസൈനറുമായ ബഷാരത്ത് ആണ് പിടിയിലായത്. ഭാരമേറിയ ഇഷ്ടിക പതിനാലുതവണയാണ് ഇയാൾ ഇരുപത്തിരണ്ടുകാരിയായ ഭാര്യ ഷബാന പർവീനുനേരെ ആഞ്ഞെറിഞ്ഞത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഷബാന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് പറയുന്നത്
2023 ജനുവരിയിൽ രാജസ്ഥാനിൽ വച്ചുനടന്ന മതപരമായ സമ്മേളനത്തിനിടെയാണ് ബഷാരത്തും ഷബാനയും തമ്മിൽ കാണുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും 2024 ഒക്ടോബറിൽ കൊൽക്കത്തയിൽ വിവാഹിതരായി. വിവാഹശേഷം ദിവസങ്ങൾ കഴിഞ്ഞതോടെ പ്രശ്നങ്ങൾ തലപൊക്കി. അഭിപ്രായ വ്യത്യാസങ്ങൾ പതിവായതോടെ അക്രമങ്ങളും പതിവായി. ഷബാനയെ ബഷാരത്ത് ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയശേഷം ഭർത്താവിന് അടുത്തേക്ക് പോകാൻ അവർ ഭയന്നിരുന്നു.
സംഭവദിവസം ആശുപത്രിക്കുമുന്നിൽ വച്ചാണ് ഇരുവരും കണ്ടത്. തന്റെ ബൈക്കിന് സമീപം നിൽക്കുകയായിരുന്ന ബഷാരത്ത് ഭാര്യയെ കണ്ടതോടെ ദേഷ്യത്തോടെ പാഞ്ഞടുത്തു. ഇതുകണ്ട് ഷബാന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുകിടന്ന സിമന്റ് ഇഷ്ടികകൊണ്ട് എറിഞ്ഞുവീഴ്ത്തി. തുടർന്ന് ഇഴഞ്ഞ് രക്ഷപ്പെടാൻ ഷബാന ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാതെ ഇഷ്ടികകൊണ്ട് പലവട്ടം ആഞ്ഞ് എറിയുകയായിരുന്നു. അക്രമം കണ്ട് സമീപത്തുണ്ടായിരുന്ന ചിലർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷബാന അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ബഷാരത്ത് രക്ഷപ്പെട്ടു. ഇത് തടയാൻ ചിലർ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.