
റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വിഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം.
ബെനഡിക്ട് പതിനാറാമൻ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാർച്ച് 13ന് ആണ് അദ്ദേഹം സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർ പ്പിച്ച പുണ്യാളനായിരുന്നു അദ്ദേഹം. 76ാം വയസിൽ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോ ഹണം ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമമാണ്.
മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ട്രാൻസ്‌ജെൻഡർ, സ്വവർഗ വിവാഹ വിഷയങ്ങളിൽ കൂടുതൽ സഹാനുഭൂതിയുള്ള നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞി രുന്നു. അവർക്ക് കുടുംബത്തിനിടയിൽ അംഗീകരിക്കപ്പെടാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1936 ഡിസംബർ 17ന് അർജന്റീനയിൽ ബ്യൂണസ് ഐറിസിലെ ഫ്‌ളോർസിൽ മാരിയോ ജോസ് ബെർഗോ ളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളിൽ മൂത്ത മകനായിട്ടായിരുന്നു മാർ പാപ്പയുടെ ജനനം. റെയിൽവേയിൽ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകൾ ഇറ്റലിയിലാണ്. മാരിയോയുടെ കുടുംബം 1929ൽ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെട്ട് അർജന്റീനയിലെത്തിയതാണ്.
കെമിക്കൽ ടെക്നീഷ്യൻ ഡിപ്ലോമ നേടിയെങ്കിലും പുരോഹിതന്റെ പാതയിലേക്ക് ഫ്രാൻസിസ് എത്തുക യായിരുന്നു. 1958ൽ സൊസൈറ്റി ഒഫ് ജീസസിന്റെ ഭാഗമായി. ചിലിയിൽ നിന്ന് ഹ്യുമാനിറ്റീസ് പഠനം പൂർത്തിയാക്കി 1963ൽ അർജന്റീനയിൽ തിരിച്ചെത്തിയ അദ്ദേഹം ഫിലോസഫിയിൽ ബിരുദം നേടി.