
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി വെള്ളിയാഴ്ച രാത്രി കാമർലെംഗോ കര്‍ദിനാള്‍ കെവിൻ ഫാരെലെ സീല്‍ ചെയ്യും. വെള്ളിയാഴ്ച വൈകുനേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അവസരമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
റോമൻ മാര്‍പാപ്പയുടെ മൃത സംസ്‌കാര ചടങ്ങുകളുടെ ക്രമമായ “ഓർഡോ എക്‌സെക്വിയാറം റൊമാനി പൊന്തിഫിസിസ്” പ്രകാരമുള്ള പ്രോട്ടോക്കോളുകൾ പാലിച്ചാണ് പെട്ടി സീൽ ചെയ്യുന്ന സ്വകാര്യ ചടങ്ങ് നടക്കുകയെന്ന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് മാസ്റ്റർ മോൺസിഞ്ഞോർ ഡീഗോ റാവെല്ലി വ്യക്തമാക്കി.
ശനിയാഴ്ച ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. കർദിനാൾ സംഘത്തിൻറെ തലവൻ കർദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാർമ്മികനായിരിക്കും.
വിശുദ്ധ കുർബാനയുടെ അവസാനം അന്തിമോപചാര ശുശ്രൂഷ നടക്കും. പിന്നാലേ ഫ്രാൻസീസ് പാപ്പായുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം പരിശുദ്ധ കന്യകാമറിയത്തിൻറെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോകും.