മാർപ്പാപ്പയുടെ ദുബായ് സന്ദർശനം ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ; സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ


വത്തിക്കാൻ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോപ്പ് 28 കോൺഫറൻ സിനായി ദുബായിലേക്ക് പോകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രസംഗിക്കുകയും ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ വിശ്വാസാധിഷ്ഠിത ഇടപെടലുകൾക്കായി പവലിയൻ ആരംഭിക്കാൻ സഹായിക്കുകയും ചെയ്യും.

ആദ്യമായാണ് ഒരു മാർപാപ്പ യുഎന്നിന്റെ വാർഷിക പരിസ്ഥിതി യോഗത്തിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോള സമൂഹത്തെയും പ്രകൃതിയെയും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് വ്യക്തമാക്കുന്ന അപ്പോസ്തോലിക പ്രബോധനമായ ലൗദാത്തെ ദേവൂം കഴിഞ്ഞ മാസം ഫ്രാൻസിസ് മാർപ്പാപ്പ പ്രസിദ്ധീകരിച്ചിരുന്നു.

ഡിസംബർ ഒന്ന് വെള്ളിയാഴ്ച രാത്രി 8:25 ന് ദുബായ് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മാർപ്പാപ്പക്ക് സ്വീകരണം നൽകും. ഡിസംബർ രണ്ടിന് രാവിലെ പത്ത് മണിക്ക് ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ കോപ്പ് 28 ൽ ഫ്രാൻസിസ് മാർപാപ്പ സംസാരിക്കും. പ്രസംഗത്തിനു ശേഷം വിവിധ യോ​ഗങ്ങളിൽ പാപ്പ പങ്കെടുക്കും.

ചാൾസ് മൂന്നാമൻ രാജാവ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോഡി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി റിഷി സുനക്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും കോപ്പ് 28 ൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം ഉച്ചകോടിയിൽ പങ്കെടുക്കു മോയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, ബൈഡൻ പങ്കെടുക്കാൻ സാധ്യതയി ല്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ വിലയിരുത്തൽ.

ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിൽ ആദ്യത്തെ വിശ്വാസ പവലിയൻ ഉദ്ഘാടനത്തിൽ പാപ്പ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു സമാപന സന്ദേശം പാപ്പ നടത്തും. നവംബർ ഒമ്പതിന് വത്തിക്കാൻ പുറത്തിറക്കിയ മാർപ്പാപ്പയുടെ ഔദ്യോഗിക ഷെഡ്യൂളിൽ പ്രാദേശിക കത്തോലിക്കാ സഭയുടെ ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കുന്നതായി സൂചനകളൊന്നുമില്ല

നാല് വർഷങ്ങൾക്കു മുമ്പ് 2019 ലായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ചരിത്രത്തിലിടം നേടിയ പ്രഥമ യു‌എ‌ഇ സന്ദർശനം. ജോർദാനും ബഹ്റിനും ഉൾപ്പെടെ മറ്റ് ആറ് അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. പത്രോസിന്റെ പിൻഗാമി യായി 2013 ൽ സ്ഥാനമേറ്റതിനു ശേഷം നിരവധി തവണ പരിസ്ഥിതി നാശത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള അദേഹം ആ വിഷയവുമായി ബന്ധപ്പെട്ട് 2015ൽ ‘ലൗദത്തെ സി ‘ എന്ന ചാക്രിക ലേഖനവും കഴിഞ്ഞ മാസം നടന്ന ‘സിനഡാലിറ്റി ’യെക്കുറിച്ചുള്ള സിനഡിനിടയിൽ ‘ലൗദത്തെ ദേവും’എന്ന പേരിൽ അതിന്റെ തുടർച്ചയും പുറപ്പെടുവിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ പാപ്പ പങ്കെടുക്കുന്ന യുഎൻ കോൺഫറൻസ് ആഗോള തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് നിരീക്ഷകർ പറയുന്നു. ദുബൈ എക്സ്പോ സിറ്റിയിലാണ് 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനംനടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്.


Read Previous

സിപിഎം സെക്രട്ടേറിയറ്റും ഇടത് മുന്നണി യോഗവും ഇന്ന്; മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഉണ്ടായേക്കും

Read Next

വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടി നിര്‍ത്തല്‍: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »