തിരുവനന്തപുരം: ഇരുപത്തഞ്ച് കോടി രൂപ മുതല്‍ മുടക്കുള്ള സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം ചെയ്ത പ്രവാസിയുടെ പ്രതിഷേധം ഫലം കണ്ടു. സംരംഭകനായ ഷാജിമോന്‍ ജോര്‍ജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതിന് പുറമേ 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയ നമ്പര്‍ താല്‍ക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കെ.സ്വിഫ്റ്റ് അക്‌നോളജ്‌മെന്റുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ആവശ്യമുള്ള അനുമതികള്‍ നേടിയാല്‍ മതി. എന്നാല്‍ വായ്പ നേടുന്നതിനുള്‍പ്പെടെ കെട്ടിട നമ്പര്‍ ആവശ്യമായതിനാല്‍ കെ സ്വഫ്റ്റ് മുഖേന താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്.
കാലഹരണപ്പെട്ട വ്യവസായ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായ വകുപ്പും സണ്ണി കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് വിജ്ഞാപനം. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പറായിരിക്കും അതിന്റെ കാലാവധിവരെ താല്‍ക്കാലിക കെട്ടിടനമ്പര്‍. ഭേദഗതി പ്രകാരം മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥിര നമ്പര്‍ നേടിയാല്‍ മതിയാകും.