
ഈദുൽഫിത്ർ നമസ്‌കാരത്തിനായി സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇസ്‌ലാമിക കാര്യ മന്ത്രാലയ ശാഖകൾ 15,948 മസ്ജിദുകളും 3,939 തുറസ്സായ ഈദ് ഗാഹുകളും ഒരുക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയം പിന്നിട്ട് കാൽ മണിക്കൂർ കഴിഞ്ഞാണ് സൗദിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടതെന്ന് മസ്ജിദ് ജീവനക്കാരോട് മന്ത്രാലയം നിർദേശിച്ചു.
പള്ളികളും ഈദ് ഗാഹുകളും നിരീക്ഷിക്കാനും തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും 6,000 ലേറെ പുരുഷ, വനിതാ സൂപ്പർവൈസർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമുള്ള സേവനങ്ങളിൽ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിൽ അതേ കുറിച്ച് 1933 എന്ന നമ്പറിൽ ഗുണഭോക്തൃ സേവന കേന്ദ്രം വഴി അറിയിക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.