ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. ബീരേൻ സിങ് രാജി വെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്.
![](https://malayalamithram.in/wp-content/uploads/2025/02/rashtrapathi.png)
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് പോരടിച്ചിരുന്നത്. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തി.
ഭരണഘടനയുടെ 174 (1) വകുപ്പു പ്രകാരം അവസാനമായി നിയമസഭ ചേർന്നതിന് ആറു മാസത്തിനുള്ളിൽ സഭ ചേരണമെന്നാണ് ചട്ടം. മണിപ്പുരിൽ ഇതിനു മുമ്പ് 2024 ഓഗസ്റ്റ് 12നാണ് ചേർന്നത്. വീണ്ടും സഭ ചേരാനുള്ള ആറു മാസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. തിങ്കളാഴ്ച മണിപ്പുർ നിയമസഭയിൽ ബജറ്റ് സമ്മേളനം ചേരുന്ന തിനു മുമ്പ് ബുധനാഴ്ചയാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ തോൽവി ഒഴിവാക്കാനായിരുന്നു രാജി.