
കോട്ടയം: ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശി. മൃഗസംരക്ഷണ വകുപ്പിൽ ഏറ്റുമാനൂർ വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ബിജു പിയ്ക്കാണ് രാജ്യാന്തര പുരസ്കാരം ലഭിച്ചത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് എന്ന മാസികയിൽ എഴുതിയ ലേഖനമാണ് ഡോ. ബിജു പിയെ അവാർഡിലേയ്ക്ക് നയിച്ചത്. 2024 ഏപ്രിൽ 15 ന് തൃച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വേൾഡ് റിസേർച്ച് കൗൺസിലിൽ ആ ജീവാനന്ത അംഗത്വം, ഓക്സ്ഫോർഡ് റിസേർച്ച് ന്യൂസ് മാഗസിനിൽ ഒരു വർഷത്തേയ്ക്ക് ലേഖനം എഴുതാനുള്ള അനുമതി, മൊമെൻ്റോ , പ്രശസ്തിപത്രം എന്നിവയാണ് അവാർഡിൻ്റെ ഭാഗമായി ലഭിക്കുക.
ഇണചേരുന്ന മുട്ടനാടിൻ്റെ മൂത്രനാളിയിൽ പെണ്ണാടിൻ്റെ രോമം കുരുങ്ങി മുട്ടനാടിൻ്റെ മൂത്രനാളി മുറിയുന്ന അവസ്ഥ സംബന്ധിച്ച പഠനലേഖനമായിരുന്നു ഗ്ലോബൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചത്. രാജ്യാന്തര തരത്തിൽ പ്രസിദ്ധീകരിക്കുന്ന ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ ലേഖനമാണിത്. കുളവാഴയിൽ ( ആഫ്രിക്കൻ പോള) നിന്ന് കർഷകർക്ക് സ്വയം കാലിത്തീറ്റ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ 2015 ൽ വികസിപ്പിച്ചു വിജയകരമാക്കിയ ചരിത്രവും ഡോക്ടർക്ക് സ്വന്തം. ആർപ്പൂക്കരയെ ഒരു കിടാരി ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കുളവാഴ കാലിത്തീറ്റ നിർമ്മാണം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പാലച്ചോട്ടിൽ അധ്യാപക ദമ്പതികളായ പി.കെ. പ്രഭാകരൻ നായർ – കെ. സാവിത്രിയമ്മയുടെയും മൂത്തമകനാണ് ഡോ. ബിജു പി. ഭാര്യ : അജ്ഞന ബിജു ( മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ), മക്കൾ : അശ്വിൻ ബിജു, അക്ഷയ് ബിജു, അഭിഷേക് ബിജു.