
തിരുവനന്തപുരം: എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്- സജി ചെറിയാൻ കുറിച്ചു.
കോളേജ് പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് പ്രതിഷേധം അറിയിച്ചിരുന്നു. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് സംഭവം. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയത്. വേദിയിൽ അപമാനം നേരിട്ടതോടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ജാസി ഗിഫ്റ്റ് വേദി വിട്ടത്. ഒരു കലാകാരനെന്ന നിലയിൽ ഇത് കടുത്ത അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു