
ന്യൂഡല്‍ഹി: വയനാട് പ്രത്യേക പാക്കേജ് ഗ്രാന്റായി അനുവദിക്കണമെന്ന് സ്ഥലം എംപികൂടിയായ പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരിത ബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്. പ്രധാന മന്ത്രി കേരളത്തില്‍ വന്നു പോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായ നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
പ്രിയങ്കയുടെ ആവശ്യങ്ങള്‍ക്ക് ഭരണ പക്ഷം മറുപടി പറഞ്ഞില്ല. അതേസമയം പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാ രിന്റെ മുന്നിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.
റബറിന് അടിസ്ഥാന വില നിശ്ചയിക്കണമെന്നും അതിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. മുളകിന് താങ്ങുവില പ്രഖ്യാപി ച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തി.