അഭിമാന താരങ്ങൾ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും


ന്യൂഡൽഹി: പഹൽഗാമിൽ പുരുഷൻമാരെ കൂട്ടക്കൊല ചെയ്തതുവഴി 26 വനിതകളുടെ സിന്ദൂരക്കുറി മായ്‌ച്ച ഭീകരർക്കെതിരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്റെ’ വിജയം ലോകത്തോട് വെളിപ്പെടുത്തിയ വനിതകളായ രണ്ട് യുവ സൈനിക ഓഫീസർമാർ അഭിമാന താരങ്ങളായി.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ആക്രമണം വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമാണ് . സോഫിയ ഹിന്ദിയിലും വ്യോമിക ഇംഗ്ളീ ഷിലും വീഡിയോ ദൃശ്യങ്ങൾക്കൊപ്പം ഇന്ത്യൻ വീരഗാഥ വെളിപ്പെടുത്തി.

കരസേനയുടെ കോർപ്സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 2016ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ‘എക്സർസൈസ് ഫോഴ്സ് 18’ എന്ന അന്താരാഷ്‌ട്ര സൈനിക അഭ്യാസ ത്തിനുള്ള 40 അംഗ ഇന്ത്യൻ സംഘത്തെ നയിച്ച് ശ്രദ്ധ നേടിയിരുന്നു. സംഘത്തിലെ ഏക വനിതാ കമാൻ ഡറായിരുന്നു. 2006ൽ കോംഗോയിൽ പോയ ഇന്ത്യൻ സമാധാന സേനാംഗമായിരുന്നു. സങ്കീർണമായ പല ദൗത്യങ്ങളിലും പങ്കെടുത്തു. അതിനു ശേഷമാണ് പഹൽഗാം ആക്രമത്തിനുള്ള തിരിച്ചടി ലോകത്തെ അറിയിക്കാനുള്ള ദൗത്യം 44-ാം വയസിൽ തേടിയെത്തിയത്.

മുത്തച്ഛനും പിതാവും സൈന്യത്തിലായിരുന്നു. വഡോദര സ്വദേശിയായ സോഫിയയുടെ ഭർത്താവ് മേജർ താജുദ്ദീൻ ഖുറേഷി ഇൻഫൻട്രിയിൽ ഓഫീസറാണ്. മകൻ: സമീർ ഖുറേഷി. 1981ൽ വഡോദരയിൽ ജനിച്ച സോഫിയ കെമിസ്ട്രിയിൽ ബിരുദവും ബയോകെമിസ്‌ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനം നേടിയ ശേഷം 1999ൽ കമ്മിഷൻഡ് ഓഫീസറായി സേനയിലെത്തി. കഴിവും പ്രാപ്തിയുമുള്ള സോഫിയ സേനയ്‌ക്ക് മുതൽക്കൂട്ടാണെന്ന് അന്നത്തെ കരസേനാ മേധാവിയും പിന്നീട് സി.ഡി.എസുമായ അന്തരിച്ച ജനറൽ ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

വിമാനം പറത്താൻ മോഹിച്ച വ്യോമിക

സേനാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നായിട്ടും വിമാനം പറത്താൻ കുട്ടിക്കാലം മുതൽ ആഗ്രഹിച്ച വിംഗ് കമാൻഡർ വ്യോമിക സിംഗ് വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റാണ്. പേരിന്റെ അർത്ഥം തന്നെ ആകാശത്ത് ജീവിക്കുന്നവൾ എന്നാണ്. 2019 ഡിസംബർ 18ന് വ്യോമസേ നയുടെ ഹെലികോപ്‌റ്റർ ഡിവിഷനിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം. 2017ൽ വിംഗ് കമാൻഡ റായി സ്ഥാനക്കയറ്റം. ഛേതക്, ചീറ്റാ ഹെലികോപ്‌ടറുകൾ പറത്താൻ വിദഗ്‌ദ്ധ. 2500 മണിക്കൂർ പറത്തിയ അനുഭവമുണ്ട്. അരുണാചൽ പ്രദേശിൽ സേന നടത്തിയ രക്ഷാദൗത്യങ്ങളുടെ ഭാഗമായി. 2021ൽ ഹിമാചൽപ്രദേശിലെ കിന്നൗർ, സ്‌പതി ജില്ലകളിൽ വ്യാപിച്ച കിടക്കുന്ന 21,650 അടി ഉയരമുള്ള മണിറാംഗ് കൊടുമുടി കീഴടക്കിയ വനിതാ സായുധ സേനാ സംഘത്തിലുണ്ടായിരുന്നു. ഭർത്താവും വ്യോമസേനയിലെ പൈലറ്റാണ്.


Read Previous

ഓപ്പറേഷൻ ‘സിന്ദൂർ: രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷം; റിയാദ് ഒ.ഐ.സി.സി

Read Next

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ?; ഏത് പോര്‍വിമാനമാണ് പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത്; സിഎന്‍എന്‍ അവതാരക ചോദിച്ചപ്പോള്‍ ‘ബബ്ബബ്ബ അടിച്ച്’ പാക് പ്രതിരോധമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »