
പുണെ: മദ്യലഹരിയില്‍ 17-കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍. കാറോടിച്ച 17-കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍ വിവേക് ഭിമന്‍വാര്‍ പറഞ്ഞു. അപകടമുണ്ടാക്കിയ പോര്‍ഷെ ടയ്കാന്‍ കാറിന് രജിസ്‌ട്രേഷന്‍ ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വൈദ്യുതവാഹനങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ നികുതി ഇളവുണ്ട്. പോര്‍ഷെ ടയ്കാന്റെ ആകെ രജിസ്‌ട്രേഷന്‍ ഫീസ് 1758 രൂപ മാത്രമാണ്. 1500 രൂപ ഫീസ്, സ്മാര്‍ട്ട കാര്‍ഡ് ആര്‍.സിയ്ക്കുവേണ്ടി 200 രൂപ, തപാല്‍ ചാര്‍ജായി 58 രൂപ എന്നിവ അടങ്ങുന്നതാണ് ആകെ ഫീസ്. എന്നാല്‍ ഈ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായി ഉടമ വന്നില്ല എന്നാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം വാഹനത്തിന് കര്‍ണാടകയില്‍ നിന്ന് ലഭിച്ച താത്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. ആറുമാസം കാലാവധിയുള്ള ഈ സര്‍ട്ടിഫിക്കറ്റ് 2024 മാര്‍ച്ചിലാണ് ലഭിച്ചത്. സെപ്റ്റംബര്‍ വരെയാണ് താത്കാലിക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ബെംഗളൂരുവിലുള്ള ഡീലറാണ് കാര്‍ ഇറക്കുമതി ചെയ്ത് കര്‍ണാടകയില്‍ താത്കാലിക രജിസ്‌ട്രേഷന്‍ നടത്തി ഉടമയ്ക്ക് കൈമാറിയത്. താത്കാലിക രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ആര്‍.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം.
അതേസമയം അപകടത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 48000 രൂപയാണ് 17-കാരന്‍ ചെലവഴിച്ചത്. ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്. കോസി പബ്ബിലെ ജീവനക്കാര്‍ ഇവര്‍ക്ക് മദ്യം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് അടുത്ത പബ്ബ് തേടി ഇവര്‍ പോയത്.
ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.
കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.
സംഭവത്തില്‍ 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ വിശാലിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍നിന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍പ്രകാരമാണ് അറസ്റ്റുചെയ്തതെന്ന് പുണെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ പുണെ കല്യാണിനഗറില്‍വെച്ചാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ കാറിടിച്ചുവീഴ്ത്തിയത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിന് രണ്ട് ഹോട്ടലുകളിലെ മൂന്നുജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തു. കോസി റസ്റ്ററന്റ് ഉടമ പ്രഹ്ലാദ് ഭൂട്ട, മാനേജര്‍ സച്ചിന്‍ കട്കര്‍, ഹോട്ടല്‍ ബ്ലാക്ക് മാരിയട്ട് മാനേജര്‍ സന്ദീപ് സാംഗിള്‍ എന്നിവരാണ് അറസ്റ്റിലായത്.