കൊല്ലം ∙ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നതിനെ ചൊല്ലി സ്കൂളുകളിൽ ഭിന്നത. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ട്രഷറിയിൽ സൂക്ഷിക്കുമ്പോൾ ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നത് സ്കൂളിൽ തന്നെയാണ്. സ്കൂളുകളിൽ സൂക്ഷിക്കുന്ന പേപ്പറുകളുടെ രാത്രി കാവൽ ആര് ചെയ്യുമെന്നതിലാണ് സ്കൂളുകളിൽ ഭിന്നത ശക്തമായിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി അടക്കം ഇടപെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 24ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതു പ്രകാരം ഹയർ സെക്കൻഡറി സ്കൂളുകളിലെ ചോദ്യപ്പേപ്പർ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റൻഡർമാരെയും വാച്ച്മാൻമാരെയുമാണ് നിയോഗിക്കാൻ നിർദേശിച്ചിട്ടുള്ളത്. ഇവർ തികയാതെ വരുന്ന സാഹചര്യത്തിൽ വകുപ്പിലെ സ്വീപ്പർ, വാച്ചർ എന്നിവരടക്കമുള്ളവരെയും തുടർന്നും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമായില്ലെങ്കിൽ ക്ലാർക്ക് ഉൾപ്പെടെയുള്ള പരീക്ഷാ ഡ്യൂട്ടിയില്ലാത്ത മറ്റു മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരെയും (അനധ്യാപകർ) അവസാനമായി മാത്രം ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റുമാരുടെ സേവനവും ഉപയോഗിക്കാം എന്നാണ് ഉത്തരവ്.
എന്നാൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് രാത്രിയിലെ കാവൽ നിർവഹിച്ച ശേഷം പകൽ നടക്കുന്ന എസ്എൽഎൽസി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളും നിർവഹിക്കേണ്ടി വരും. ഇതാണ് പരാതിക്കും ഭിന്നതകൾക്കും ഇടയാക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിനുള്ളത് പോലെ മിനിസ്റ്റീരിയിൽ ജീവനക്കാർ ഹയർ സെക്കൻഡറി വകുപ്പിനില്ലാത്താണ് പ്രശ്നമാകുന്നത്. എന്നാൽ ഖാദർ കമ്മിഷൻ റിപ്പോർട്ട് പ്രകാരം സ്കൂൾ ഏകീകരണത്തിലേക്കു മാറുമ്പോൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വ്യത്യാസമുണ്ടാകില്ലെന്നും മിനിസ്റ്റീരിയൽ ജീവനക്കാർ ഇരുവിഭാഗങ്ങൾക്കും വേണ്ടിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
പരീക്ഷാ പേപ്പറുകൾ സ്കൂളുകളിൽ സൂക്ഷിക്കുമ്പോൾ ഹയർ സെക്കൻഡറിയിലെ ലാബ് അസിസ്റ്റുമാരെയും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ മിനിസ്റ്റീരിയിൽ ജീവനക്കാരെയുമാണ് മുൻ വർഷങ്ങളിൽ നിയോഗിച്ചിരുന്നത്. എന്നാൽ ലാബ് അസിസ്റ്റന്റുമാർ ഇതിൽ പ്രതിഷേധിച്ചു കോടതിയെ സമീപിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇത് പ്രകാരം അവസാന ഘട്ടത്തിൽ മാത്രമേ ലാബ് അസിസ്റ്റന്റുമാരെ രാത്രി കാവലിന് നിയോഗിക്കാനാവൂ.
2022 ൽ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും ട്രഷറിയിൽ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണത്തിന്റെ ദുരിതങ്ങൾ മുഴുവൻ ഹയർ സെക്കൻഡറി മേഖലയ്ക്ക് നൽകി പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന പ്രിൻസിപ്പൽമാരെ സമ്മർദത്തിലാക്കരുതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. അതേ സമയം ജില്ലയിൽ ഇതുവരെ ബുദ്ധിമുട്ടില്ലെന്നും ആവശ്യമായ ജീവനക്കാരെ രാത്രി കാവലിനായി നിശ്ചയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 3 മുതലാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. രാവിലെ 9.30 മുതൽ എസ്എസ്എൽസിയും ഉച്ചയ്ക്ക് ശേഷം ഹയർ സെക്കൻഡറി പരീക്ഷകളും നടക്കും. 2 പരീക്ഷകളും ഒരുമിച്ചു നടക്കുമ്പോൾ പേപ്പറുകൾ രണ്ടിടങ്ങളിൽ സൂക്ഷിക്കുന്നത് എന്തിനാണെന്നാണ് അധ്യാപകരുടെ ചോദ്യം. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയും ഹയർ സെക്കൻഡറി പരീക്ഷയുടെ കൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ പ്ലസ് വൺ വിദ്യാർഥികളും ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവരും ഇത്തവണ ഒരുമിച്ചു പരീക്ഷ എഴുതേണ്ടി വരും.