മാനന്തവാടി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എംഎം ഹസന്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലൊരുക്കിയത്.

വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
പ്രളയകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ രാഹുല്‍ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്ര വലിയ ദുരന്തത്തിനിടെ പോലും വയനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ക്ഷോഭിച്ചില്ല. മറ്റുള്ളവരെ ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ വിവേകവും ബുദ്ധിശക്തിയും താന്‍ കണ്ടു.
വയനാട്ടിലെ പാര്‍ലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. വയനാട്ടില്‍ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ മുന്നില്‍ താനുമുണ്ടാകും. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.