റിയാദ്: 74 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക്
ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദി രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു. ഒലയ സുലൈമാനിയ്യയിലെന്യൂ മലാസ് ഓഡിറ്റോറിയത്തിൽ ആര്‍ എസ് സി ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം മോഡറേറ്റേറായ പരിപാടി ഐ സി എഫ് റിയാദ് ഫിനാൻസ് സെക്രട്ടറി ഷമീര്‍ രണ്ടത്താണി ഉദ്ഘാടനം നിര്‍വഹിച്ചു. സൈനുദ്ദീന്‍ കുനിയില്‍ (ഐ സി എഫ് ), റഷീദ് കുളത്തറ (ഒ ഐ സി സി ), ഷാഫി മാസ്റ്റര്‍ തുവൂര്‍ (കെ എം സി സി), നൗഫൽ അരീക്കോട് ( ആര്‍ എസ് സി ) തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു

രാജ്യത്തെ ചരിത്ര നാമങ്ങളെയും നിര്‍മ്മിതികളേയും മായ്ച്ചു കളയുകയും ഭരണഘടന അനുഛേദങ്ങള്‍ കീഴ്മേല്‍ മറിക്കുകയും ചെയ്യുന്ന ഭരണകൂടവും ഇതിനെല്ലാം മൗനി യാവുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തേയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വര്‍ധിപ്പിക്കുന്നതിന് ഇതുപോലുള്ള പരിപാടികള്‍ സഹായകരമാകുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നിഹാൽ അഹ്മദ് സ്വാഗതവും അഷ്‌കർ മഴൂർ നന്ദിയും പറഞ്ഞു.