ദുബായ്: റമദാനിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇത്തവണ റമദാനിൽ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവസ് (എംബിആർജിഐ) ആണ് ക്യാന്പയിനിന് നേതൃത്വം നൽകുന്നത്.
ജാതി, മത വേർതിരിവുകളില്ലാതെ വിവിധ രാജ്യങ്ങളിലുള്ള ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുക യാണ് ക്യാന്പയിനിലൂടെ ലക്ഷ്യമിടുന്നത്. മധ്യപൂർവദേശം, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യും. റമദാൻ മാസം ആരംഭിക്കാനിരിക്കെ ആവശ്യ ക്കാർക്ക് ഭക്ഷണം എത്തിക്കാനാകുന്നത് ഏറ്റവും മഹത്തായ കാര്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.