ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം: ബജറ്റ് പാസാക്കി, നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; ഡി.കെയും ഹൂഡയും ഷിംലയിലെത്തി


ഷിംല: ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിന് താല്‍ ക്കാലിക ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭ പാസാക്കി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നാളെ മന്ത്രിസഭാ യോഗം ചേരും. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം പരാജയ പ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് പറഞ്ഞു.

ബിജെപി അംഗങ്ങളുടെ അഭാവത്തിലാണ് ബജറ്റ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മറ്റുള്ള 10 പേര്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

‘ഞങ്ങള്‍ ബജറ്റ് പാസാക്കി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തടഞ്ഞു. സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍ എമാരില്‍ ഒരാള്‍ തന്നോട് മാപ്പ് പറഞ്ഞു. ജനങ്ങള്‍ അവര്‍ക്ക് ഉത്തരം നല്‍കും’- സുഖ് വിന്ദര്‍ സിങ് സുഖു പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം തുടരുകയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് ബിജെപി എംഎല്‍ എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്.

അതേസമയം രാജിവച്ച പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങുമായി സംസാരി ച്ചെന്നും രാജി സ്വീകരിക്കില്ലെന്നും അദേഹത്തിന്റെ പരാതികള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. കഴിഞ്ഞ ദിവസം നടന്ന വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ഇദേഹമാണെന്നാണ് സൂചന.

കൂറുമാറ്റത്തിലൂടെ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ ഹിമാചലില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹാജന് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോല്‍വി നേരിടുകയായിരുന്നു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചത്.

അതിനിടെ ഹിമാചല്‍പ്രതിസന്ധി പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും ഷിംലയിലെത്തിയിട്ടുണ്ട്. ഇവര്‍ എംഎല്‍എമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും.



Read Previous

എസ്എസ്എല്‍സി എഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍; 2,971 പരീക്ഷാകേന്ദ്രങ്ങള്‍; കൂടുതല്‍ പേര്‍ തിരൂരങ്ങാടിയില്‍

Read Next

കെ സ്മാര്‍ട്ടിലൂടെ കരമടയ്ക്കാന്‍ നോക്കിയപ്പോള്‍ ഞെട്ടി! സ്വന്തം വീട് അയല്‍വാസിയുടെ പേരില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »