സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യപ്പെടാതെ തന്റെ പിതാവിനോടുള്ള ആദരവ് പൂര്‍ണമാകില്ല’: മധുര സ്വാമിനാഥന്‍


ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണയുമായി സാമ്പത്തിക വിദഗ്ധയും ഭാരത രത്‌ന പുരസ്‌കാര ജേതാവുമായ എം.എസ് സ്വാമിനാഥന്റെ മകള്‍ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്ന ദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും എം.എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

എം.എസ് സ്വാമിനാഥന് മരണാനന്തര ബഹുമതിയായി ഭാരത രത്ന ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍. പഞ്ചാബി ലെയടക്കം നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുക യാണ്. ഹരിയാനയില്‍ അവരെ തടവിലാക്കാനുള്ള ജയിലുകള്‍ സജ്ജമായി കഴിഞ്ഞു വെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

ബാരിക്കേഡുകളുള്‍പ്പെടെ തീര്‍ത്ത് അവരെ തടയാനുള്ള പല മാര്‍ഗങ്ങളുംപൊലീസ് സ്വീകരിക്കുകയാണ്. അവര്‍ കര്‍ഷകരാണ് അല്ലാതെ കുറ്റവാളികളല്ല. നമ്മുടെ അന്നദാതാക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ തീരൂ. അവരോട് കുറ്റവാളികളോടെന്ന പോലെ പെരുമാറുന്നത് തടഞ്ഞേ മതിയാകൂ. എം.എസ്. സ്വാമിനാഥനോടുള്ള ആദരവ് തുടരണമെങ്കില്‍ കര്‍ഷകരോട് നാം ഐക്യപ്പെട്ടേ പറ്റൂവെന്നും അവര്‍ വ്യക്തമാക്കി.

വായ്പ പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ അതിര്‍ത്തികളില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെ സമരം സംഘര്‍ഷ ഭരിതമാണ്. ഇരുനൂറിലേറെ കര്‍ഷക സംഘടനകളാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കേരളത്തില്‍ നിന്ന് അഞ്ഞൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.


Read Previous

ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഒരു ദിനം ലോകത്തിൽ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന രാജ്യം

Read Next

അമേരിക്കയില്‍, റാലിയ്ക്കിടെ വെടിവെപ്പ്: ഒരു മരണം, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »